ഇപ്പോള്‍ വിവാദമായിരിക്കുന്ന സൈബര്‍ കേയ്സിന് കാരണമായ വിചിത്രകേരളം എന്ന ബ്ലോഗ് വായിക്കുകയും അതിന്റെ ഹേയ്റ്റ് കണ്‍ടെന്റിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ബ്ലോഗര്‍മാരില്‍ ഒരാളാണ് ഈ ലേഖകനും. വിമര്‍ശങ്ങള്‍ക്കുനേരെയുള്ള അസഹിഷ്ണുതകൊണ്ടാവണം, ബ്ലോഗുടമ കമന്റ് ചെയ്യാനുള്ള ഓപ്ഷന്‍ തന്നെ എടുത്തുകളയുകയാണുണ്ടായത്.
കേരളത്തിലെ നായര്‍ സ്ത്രീകളുടെ ലൈംഗികതയും അതിനെ ചുറ്റിപ്പറ്റിയുള്ള സദാചാരമൂല്യങ്ങളും പൊതുവെയുള്ള മറ്റ് സാമൂഹിക/സാമുദായിക വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്. ഭൗതികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കുവേണ്ടിക്കൂടി നായര്‍ സമുദായത്തിലെ ചിലര്‍ പോളിയാണ്ട്രി എന്ന പ്രാക്റ്റീസിനെ ഉപയോഗിച്ചിരുന്നു എന്ന ഭാഗികമായി മാത്രം ശരിയായ ചരിത്രവസ്തുതയെ വളച്ചൊടിച്ചും, ചരിത്രസന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റിയും, നായര്‍ സമുദായത്തിലെ സ്ത്രീകള്‍ മുഴുവന്‍ വേശ്യകളായിരുന്നു എന്ന് വാദിക്കുകയും അതിന് ചരിത്രത്തില്‍നിന്നും ചെറി പിക് ചെയ്ത വസ്തുതകളെ ഊഹങ്ങളും ഭാവനാസൃഷ്ടികളുമായി കൂട്ടിക്കലര്‍ത്തി തികച്ചും പ്രതിഷേധാര്‍ഹമായ രീതിയിലും ഭാഷയിലും അവതരിപ്പിക്കുകയും ചെയ്ത ബ്ലോഗായിരുന്നു വിചിത്രകേരളം.
(വിചിത്രകേരളം ബ്ലോഗറുടെ യഥാര്‍ത്ഥ പേര് ഷൈന്‍ എന്നാണെന്ന് പൊലീസ് ആരോപിക്കുന്നു. കോടതിയില്‍ അത് തെളിയുന്നതുവരെ വിചിത്രകേരളം എന്ന ബ്ളോഗ് പേരിനുപകരം ഷൈന്‍ എന്ന ഭൌതികവ്യക്തിത്വമുള്ള മനുഷ്യജീവിയുടെ പേര് ഉപയോഗിക്കുന്നത് അനീതിയാണെന്ന് ഞാന്‍ കരുതുന്നു. പൊലീസിന്റെ ആരോപണം കോടതി ശരിവയ്ക്കുന്നതുവരെ വിചിത്രകേരളം എന്ന ബ്ലോഗുടമയെ ഷൈന്‍ എന്നു വിളിക്കുന്നത് കോടതിയില്‍ പരിഗണനയിലിരിക്കുന്ന വ്യവഹാരത്തില്‍ മുന്‍വിധിയോടെ അഭിപ്രായം പറയുക എന്ന പ്രാഥമികമായി അധാര്‍മ്മികവും രണ്ടാമതായി മാത്രം നിയമവിരുദ്ധവുമായ പ്രവര്‍ത്തിയായിരിക്കും എന്നതിനാല്‍ അത്തരമൊരു സംബോധന ഇവിടെ ഒഴിവാക്കുന്നു).
വിചിത്രകേരളം ബ്ലോഗര്‍ എഴുതിയിരുന്നതില്‍ വസ്തുതാപരമായ ധാരാളം ശരികളുണ്ടായിരുന്നു. പക്ഷേ മിക്കവാറും ശരിയായ വസ്തുതകളില്‍നിന്ന് രാഷ്ട്രീയമായും വസ്തുതാപരമായും തീര്‍ത്തും തെറ്റായ നിഗമനങ്ങളിലേക്കാണ് അറിഞ്ഞോ അറിയാതെയോ അദ്ദേഹം സ്ഥിരമായി എത്തിച്ചേര്‍ന്നിരുന്നത്.ആ സമീപനത്തില്‍ പ്രതിഷേധാര്‍ഹമായ പല വശങ്ങളുണ്ട്.
* ഇന്നിന്റെ പൊതുബോധം സൃഷ്ടിച്ചുവച്ചിട്ടുള്ള, എന്നാല്‍ കാര്യമായി ആരും പ്രാക്റ്റീസ് ചെയ്യാത്ത പുരുഷാധിപത്യസദാചാരബോധത്തിന്റെ അടിസ്ഥാനത്തില്‍ വേറൊരു കാലത്തെ, രാഷ്ട്രീയം കൊണ്ടും സംസ്കാരം കൊണ്ടും തികച്ചും വ്യത്യസ്തമായ വേറൊരു കാലത്തെ, വിധിക്കുക എന്ന രീതിശാസ്ത്രപരമായ തെറ്റ്.
* ഇന്നിന്റെ സദാചാരബോധം ചോദ്യം ചെയ്യാന്‍ പാടില്ലാത്തതും നിശ്ചലവും പരിപാവനമായതുമായ എന്തോ ആണെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാംസ്കാരികവിധിതീര്‍പ്പ്.
* തീര്‍ത്തും കപടവും ജനാധിപത്യവിരുദ്ധവുമായ വര്‍ത്തമാനകാലസദാചാരബോധത്തിന്റെ റീയിന്‍ഫോഴ്സ്മെന്റില്‍ പങ്കാളിയാവുകവഴി താന്‍ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭാവിക്കുന്ന അതേ കപടസദാചാരത്തെ വേറൊരു രീതിയില്‍ അംഗീകരിക്കല്‍.
* നായര്‍സമുദായം പോളിയാണ്ട്രി പിന്തുടര്‍ന്നിരുന്നെങ്കില്‍ അവര്‍ക്കുമുകളിലുള്ള സാവര്‍ണ്ണ്യത്തിന്റെ ഇരകള്‍ കൂടിയായിരുന്നു അവരെന്ന് അനുമാനിക്കാനുള്ള സാമൂഹ്യബോധമില്ലായ്മ.
* ലൈംഗികചൂഷണത്തിന്റെ ഇരകള്‍ എന്ന നിലയെ, ഇരകളുടെ പൊതുവെയുള്ള നിലപാടില്‍നിന്ന് വ്യത്യസ്തമായി, അവരില്‍ ചിലരെങ്കിലും കാലക്രമേണ സാമൂഹ്യ-സാമ്പത്തിക ഉന്നതിക്ക് പ്രയോജനപ്പെടുത്തിയെന്നത് ശരിയാണെങ്കില്‍പ്പോലും പ്രാഥമികമായി അവര്‍ ബ്രാഹ്മണ്യത്തിന്റെ ഇരകളായിരുന്നു വസ്തുതക്കുനേരെയുള്ള കണ്ണടയ്ക്കുക വഴി വിക്റ്റിമിനെ വീണ്ടും വിക്റ്റിമൈസ് ചെയ്യല്‍.
കാളക്ക് പകരം നുകത്തില്‍ കെട്ടിയിരുന്നവന്റെ പിന്‍തലമുറയെ നിന്റെയൊക്കെ അപ്പൂപ്പന്‍മാര്‍ കന്നുകാലികളെപ്പോലെയായിരുന്നു എന്ന് പരിഹസിക്കുന്നപോലെയാണ് വേറൊരുകാലത്തെ നായര്‍സ്ത്രീകളെ അവര്‍ക്ക് നാമമാത്രനിയന്ത്രണം മാത്രമുണ്ടായിരുന്ന ലൈംഗികവിധേയത്വത്തിന്റെ പേരില്‍ പരിഹസിക്കുന്നതും.
അതേസമയം സ്വേച്ഛാപരമായിരുന്നു നായര്‍ സ്ത്രീകളുടെ ലൈംഗികജീവിതം എന്നും ലോകത്തിലെത്തന്നെ ലൈംഗികതയുടെ പുറത്ത് സ്വയംനിര്‍ണ്ണയാവകാശമുണ്ടായിരുന്ന അപൂര്‍വ്വം സ്ത്രീസമൂഹങ്ങളില്‍ ഒന്നായിരുന്നു അവര്‍ എന്നുമൊക്കെ സന്ദേഹങ്ങളില്ലാതെ അനുമാനിക്കുന്നതും ഇര എന്ന പൊസിഷന്റെ നിരാകരണമാണ്. സാമൂഹ്യസമര്‍ദ്ദം കൊണ്ടും സമുദായത്തിലെ സ്ത്രീകളുടെ പ്രത്യേകമായ ലൈംഗികജീവിതത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചിരുന്ന, ചിഹ്നങ്ങളില്‍ മാട്രിയാര്‍ക്കലായിരുന്നെങ്കിലും ഫലത്തില്‍ പാട്രിയാര്‍ക്കലായിരുന്ന, കുടുംബാധികാരഘടനയുടെ നേരിട്ടുള്ള സമര്‍ദ്ദംകൊണ്ടും അത്തരമൊരു സ്വയംനിര്‍ണ്ണയാവകാശം സ്ത്രീകള്‍ക്ക് വ്യാപകമായി സാദ്ധ്യമായിരുന്നില്ലെന്ന് വേണം അനുമാനിക്കാന്‍. സൂരിനമ്പൂതിരിപ്പാടുമാരില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞാല്‍പ്പോലും പഞ്ചുമേനവന്‍മാരില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞ ഇന്ദുലേഖമാര്‍ അപൂര്‍വ്വമായിരുന്നിരിക്കണം.
വിചിത്രകേരളം ബ്ലോഗര്‍ നടത്തിയ ഇടപെടലിന്, അതെത്രമാത്രം ക്ഷുദ്രമായിരുന്നാലും, സാംസ്കാരികവിമര്‍ശനത്തിന്റേതായ ഒരു തലമുണ്ടായിരുന്നു. അതിന്റെ നിയമപരമായ വശങ്ങള്‍ ചര്‍ച്ചചെയ്യേണ്ട ആവശ്യം പോലും ഇവിടെയുണ്ടെന്ന് കരുതുന്നില്ല, പൊലീസ് ചാര്‍ജ് ചെയ്യുന്ന കേയ്സിന്റെ അടിസ്ഥാനത്തിലും ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും കോടതി തീരുമാനിക്കേണ്ടതാണത്. സാംസ്കാരികയുക്തികളെ നേരിടേണ്ടത് മെച്ചപ്പെട്ട സാംസ്കാരികയുക്തികള്‍ കൊണ്ടായിരിക്കണം എന്ന് ഞാന്‍ കരുതുന്നു.
വിചിത്രകേരളം മുന്നോട്ടുവച്ച അതേ വസ്തുകള്‍ത്തന്നെ ചരിത്രസന്ദര്‍ഭവുമായി ചേര്‍ത്തുവച്ച് പുനര്‍വ്യാഖ്യാനിച്ചാല്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളുടെ നേരെ എതിരായ നിഗമനങ്ങളിലേക്കെത്താനും അദ്ദേഹത്തിന്റെ അസംബന്ധനിലവാരത്തിലുള്ള അനുമാനങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നിരാകരിക്കാനും കഴിയുമായിരുന്നു. വലിയ ബൌദ്ധികാധ്വാനമൊന്നും ആവശ്യമില്ലാത്ത അത്തരം സാംസ്കാരികമായ ഒരു തിരുത്തലിന് ശ്രമിക്കാതെ/പ്രാപ്തിയില്ലാതെ രാഷ്ട്രീയാധികാരത്തിനും സ്വാധീനത്തിനും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്ന പൊലീസ് സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ യുക്തിയും ധാര്‍മ്മികതയും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. നമ്പ്യാരായ കുഞ്ചന്റെ രാജാവ് നാരായണപ്പണിക്കരായിരുന്നെങ്കില്‍ കലക്കത്തുകാരന്‍ എത്ര തുള്ളല്‍ തികയ്ക്കുമായിരുന്നു?
പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകളെ ഇത്തരം ചര്‍ച്ചകളില്‍ ക്രിയാത്മകമായി ഇടപെട്ട് വിശദീകരിക്കാനും തിരുത്താനും തങ്ങള്‍ക്ക് കിട്ടുന്ന അവസരം കൂടിയാണ് ഇത്തരം നടപടികളിലൂടെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതെന്ന് ഇവരെ ആരു പറഞ്ഞുമനസ്സിലാക്കും? എക്സോസ്റ്റ് വാല്‍വുകളെ എത്രകാലം ഇവര്‍ ഭീഷണിപ്പെടുത്തി അടച്ചുവയ്ക്കും?
നിയമങ്ങള്‍ അതാത് കാലത്തെ സാമാന്യയുക്തിയെ ക്രോഡീകരിച്ചതാണ് ; സാംസ്കാരികയുക്തികളാകട്ടെ അതിലും പല പടികള്‍ കടന്ന് നാളെയുടെ നിയമയുക്തിയെ നിര്‍ണ്ണയിക്കുന്നവയും. ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏത് പരിഷ്കൃതസമൂഹവും നിയമത്തിന്റെ ജഡവ്യവഹാരങ്ങളേക്കാള്‍ ചലനാത്മകമായ സാംസ്കാരികവ്യവഹാരങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുക.
സാംസ്കാരികവ്യവഹാരങ്ങളെയും അതുവഴി ഉരുത്തിരിയുന്ന യുക്തികളേയും തടയുന്നത് നിലവില്‍ തങ്ങള്‍ക്കനുകൂലമായ നിയമങ്ങള്‍ക്ക് നാളെയുണ്ടാകാനിടയുള്ള പരിണാമത്തെ തടയലും കൂടിയാണ്. ജാതികൊണ്ട് സ്വയം അടയാളപ്പെടാന്‍ പോലും വിമുഖരായിരുന്ന ഉല്പതിഷ്ണുക്കളുടെ ഒരു വന്‍നിരയെ കേരളത്തിന് സാങ്കേതികമായ അര്‍ത്ഥത്തിലെങ്കിലും സംഭാവനചെയ്ത ഒരു സമുദായമായിരുന്നിട്ടും കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തിലുടനീളം ജഡതയെ മാത്രം സ്നേഹിച്ച നായര്‍ സമുദായത്തിന്റെ ഔദ്യോഗികസംഘടനാനേതൃത്വം ഇത്തരം നടപടികള്‍ക്ക് മുതിരുന്നതില്‍ അതിശയമില്ല. കാലത്തെ അതിജീവിച്ച് വര്‍ത്തമാനകാലത്തെ നിര്‍ണ്ണയിക്കുന്ന, ജനാധിപത്യമടക്കമുള്ള, മിക്കവാറും ആശയങ്ങള്‍ എല്ലാംതന്നെ അതാത് കാലത്തെ നിയമങ്ങള്‍ക്ക് എതിരായിരുന്നുതാനും.
അഭിപ്രായസ്വാതന്ത്ര്യം എന്നത് വസ്തുതാപരമായി പൂര്‍ണ്ണമായും തെറ്റായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. ഒരു സാംസ്കാരികവ്യവഹാരത്തിനെ, അതെത്ര ചെറുതോ നികൃഷ്ടമോ ആയാലും, നേരിടേണ്ടത് സാംസ്കാരികയുക്തികള്‍ ഉപയോഗിച്ചുകൊണ്ട് സംസ്കാരത്തിന്റെ തലത്തിലായിരിക്കണം. ബ്ലോഗിലുണ്ടായതിനെ ബ്ലോഗില്‍ മാത്രം ചെറുക്കണമെന്നല്ല പറയുന്നത്, അതിനെ സാദ്ധ്യമായ ഏത് മാദ്ധ്യമത്തിലേക്കും ചര്‍ച്ചയ്ക്കെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. തന്റെ തെറ്റായ ധാരണകളെ പ്രകടിപ്പിക്കുക എന്ന സാംസ്കാരികസ്വാതന്ത്ര്യം ഉപയോഗിക്കുകയാണ് വിചിത്രകേരളം ബ്ലോഗര്‍ ചെയ്തത്. അതില്‍ വിയോജിപ്പുണ്ടെങ്കില്‍ സാംസ്കാരിതലത്തില്‍ നേരിടേണ്ടതിനുപകരം നിയമത്തിന്റെ എളുപ്പവഴി സ്വീകരിക്കുന്നത് തങ്ങള്‍ക്കെതിരെ സാദ്ധ്യമായ രാഷ്ട്രീയ-സാംസ്കാരികവ്യവഹാരങ്ങളെ മുളയിലേ നുള്ളാനുള്ള ഫ്യൂഡല്‍ യുക്തിയായേ കാണാനാവൂ.
മറ്റേത് മാദ്ധ്യമവും ചര്‍ച്ചയ്ക്കെടുക്കാന്‍ മടിക്കുന്ന ആഴത്തിലും പരപ്പിലും ബ്ലോഗ് ചര്‍ച്ചകളില്‍ ജാതിയും ജാതീയതയും പൊളിച്ചടുക്കപ്പെട്ടിട്ടുണ്ട്. അധികാരം കയ്യാളുന്ന വിഭാഗങ്ങളുടെ സാംസ്കാരികമായ മേല്‍ക്കൈ ഒരു തരത്തിലും സാദ്ധ്യമല്ലാത്ത മേഖലയാണ് മലയാളം ബ്ലോഗ് ഇന്ന്. ഒരാള്‍ക്കും സ്വന്തം ജാതിയില്‍ പരസ്യമായി അഭിമാനിക്കല്‍ അത്ര എളുപ്പമാവില്ല ബ്ലോഗുള്ളിടത്തോളം.
ടെലിവിഷന്‍ വാര്‍ത്തകളുടെ മണിക്കൂറുകളുടെ ആയുസ്സും പത്രത്തിന്റെ ദിവസത്തെ ആയുസ്സും വാരികകളുടെ ആഴ്ചകളുടെ ആയുസ്സുമല്ലല്ലോ ഇന്റര്‍നെറ്റിലെ കണ്‍ടെന്റിന്. ഉണ്ടായ അന്നുമുതലുള്ള സകല കണ്‍ടെന്റും ഒറ്റ കീവേര്‍ഡ് സെര്‍ച്ചില്‍ പൊങ്ങിവരും. കൈകാര്യം ചെയ്യാതെ വളരാന്‍ വിട്ടാല്‍ നാളേറുന്തോറും കണ്‍ടെന്റിന്റെ അളവും ഗുണവും കൂടിവരികയും ചെയ്യും.
ജാത്യാഭിമാനികള്‍ സ്വന്തം ജാതിയുടെ പേര്, അതിനി ഏത് പ്രമുഖജാതിയാണെങ്കിലും, ഒന്ന് സെര്‍ച് ചെയ്താല്‍ അതോടെ തീരും അഭിമാനം. വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ടും പറയുന്നവന്റെ വായമൂടിക്കൊണ്ടുമുള്ള പരമ്പരാഗത മീഡിയാ മാനേയ്ജ്മെന്റിന് ഇന്റര്‍നെറ്റ് വഴങ്ങിക്കിട്ടില്ല. പരസ്യം കിട്ടാത്ത അവസ്ഥ വരുത്തുമെന്ന് വിരട്ടിയാല്‍ ചാനല്‍ വീഴും, അമേരിക്കയില്‍ കിടക്കുന്ന ഹോസ്റ്റിങ്ങ് കമ്പനിയെ എന്തുപറഞ്ഞ് വിരട്ടും?
തങ്ങള്‍ ജാതിശ്രേണിയില്‍ ക്ഷത്രിയരും ബ്രാഹ്മണരോട് വിവാഹബന്ധം വരെ ഉണ്ടായിരുന്നവരുമായിരുന്നെന്നും അതുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തോട് തോളോടുതോള്‍ ചേര്‍ന്ന് നിന്നിരുന്നവരുമാണെന്നും കേരളചരിത്രത്തിനെക്കുറിച്ച് കാര്യമായ ധാരണയില്ലാത്ത മലയാളി പൊതുസൈക്കിയില്‍ കുത്തിവയ്ക്കുന്നതിലും അങ്ങനെ സ്വയം വിശ്വസിപ്പിക്കുന്നതിലും നായര്‍ ഉപജാപം വിജയിച്ചിട്ടുണ്ട്. ബ്രാഹ്മണാധികാരത്തിന് സമീപകാലകേരളസമൂഹത്തിലുണ്ടായ പുനര്‍നിര്‍മ്മിതിക്ക് ഒരു സാദ്ധ്യതയുമില്ലാത്ത സ്വാധീനത്തകര്‍ച്ചയെയും ആ തകര്‍ച്ച ഒഴിച്ചിട്ട സാംസ്കാരികഇടത്തെയും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് നായര്‍ സമുദായമാണ് - പൊതുവെ പ്രതീക്ഷിക്കപ്പെട്ടപോലെ പുരോഗമനാശയങ്ങളോ പ്രസ്ഥാനങ്ങളോ അല്ല. സാംസ്കാരികവും രാഷ്ട്രീയവുമായ മേല്‍ക്കൈ സ്വാഭാവികമായി വന്നുചേരേണ്ടത് തങ്ങളിലേക്കാണെന്നും ചാതുര്‍വര്‍ണ്യത്തില്‍ ബ്രാഹ്മണന് തൊട്ടുപിറകേ വരുന്ന വര്‍ണ്ണമെന്ന നിലയില്‍ 'ക്ഷത്രിയ'രായ തങ്ങള്‍ അതിന് സര്‍വ്വഥാ അര്‍ഹരാണെന്നും സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. തൊണ്ണൂറുകളിലുണ്ടായ ദേശീയരാഷ്ട്രീയത്തിലെ സംഘപരിവാറിന്റെ തിരിച്ചുവരവും സമാന്തരമായി കേരളത്തില്‍ നടന്ന സാംസ്കാരിക റിവൈവലിസവും ഇത്തരം വ്യാജനിര്‍മ്മിതികളില്‍ പരസ്പരപൂരകമായി നിലകൊള്ളുകയും ചെയ്തു.
തികച്ചും ബോധപൂര്‍വ്വമായി പണിപ്പെട്ട് സൃഷ്ടിച്ചെടുത്ത അത്തരമൊരു സാംസ്കാരികാന്തരീക്ഷത്തിന്റെ തകര്‍ച്ച ബ്ലോഗ് പോലൊരു ജനാധിപത്യമാധ്യമരൂപത്തിന്റെ ഉദയത്തോടെ ക്ഷിപ്രസാധ്യമാണെന്നുള്ള തിരിച്ചറിവ് സ്വാഭാവികമായും റിവൈവലിസ്റ്റ് കളിക്കളങ്ങളില്‍ ജയിച്ചുനില്‍ക്കുന്ന ഒരു സമുദായത്തിലെ പ്രമാണിമാര്‍ക്ക് അത്ര സുഖകരമാവില്ല. ഇന്റര്‍നെറ്റ് മാദ്ധ്യമത്തില്‍ ഭാവിയില്‍ സാദ്ധ്യമാകാനിടയുള്ള കൂടുതല്‍ വലിയ ഒരു പൊളിച്ചടുക്കലിനെ ജാത്യാധികാരം ഭയക്കുന്നുണ്ടെന്നുവേണം, കൈ ഞൊടിച്ചാല്‍ ഏത് അധികാരിയും പാഞ്ഞെത്തുന്ന സ്വാധീനമുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെക്കൊണ്ടുതന്നെ ഇത്തരമൊരു പരാതി നേരിട്ട് കൊടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുക എന്നുവേണം അനുമാനിക്കാന്‍.
സാംസ്കാരികവ്യവഹാരങ്ങളില്‍ കോടതി തീര്‍പ്പുകല്പ്പിക്കുന്ന കീഴ്‌വഴക്കം സൃഷ്ടിക്കുകവഴി എല്ലാ ജനാധിപത്യവകാശങ്ങളേയും സംഘടിതനിയമനടപടിയുടെ ഭീഷണിയില്‍ നിര്‍ത്തി തങ്ങളുടെ ചരിത്രവും അതിന്റെ വ്യാഖ്യാനങ്ങളും ചര്‍ച്ചചെയ്യപ്പെടാനുള്ള അവസാനത്തെ സാധ്യതയും ഇല്ലാതാക്കുകയും അതുവഴി സാംസ്കാരിക-രാഷ്ട്രീയ സ്ഥാപിതതാല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യാനുള്ള ശ്രമമായല്ലാതെ ഇത്തരമൊരു നടപടിയെ കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ജാത്യാധിക്ഷേപത്തിന് കേയ്സെടുക്കണമെങ്കില്‍ ഈഴവര്‍ പന്നിപെറ്റ മക്കളാണെന്ന് ശാസ്തമംഗലത്ത് പൊതുവേദിയില്‍ പ്രസംഗിച്ചതായി റിപ്പോര്‍ട് ചെയ്യപ്പെട്ട എന്‍എസ്സ്എസ്. സ്ഥാപകന്‍ മന്നത്ത് പത്മനാഭനെതിരെ കേയ്സെടുത്തുകൊണ്ടായിരിക്കണം ആ പ്രക്രിയ തുടങ്ങേണ്ടത്. ഇനി അന്തരിച്ചവരുടെ പേരില്‍ കേയ്സെടുക്കാനാവില്ല എന്ന സാങ്കേതികന്യായമാണെങ്കില്‍ ജാത്യാധിക്ഷേപത്തിന് നിയമനടപടി എടുക്കുന്നതിനുമുമ്പ് അതിന്റെ അപ്പോസ്തലനായിരുന്ന തങ്ങളുടെ സംഘടനയുടെ സ്ഥാപകനേതാവിനെയും, അദ്ദേഹത്തെ മാതൃകയാക്കിയതുകൊണ്ടാവണം, തരം കിട്ടുമ്പോഴൊക്കെ ജാത്യാധിക്ഷേപം നടത്തുന്ന സംഘടനാപ്രവര്‍ത്തകരേയും അനുഭാവികളേയും തള്ളിപ്പറഞ്ഞുകൊണ്ടല്ലാതെ അതു ചെയ്യാന്‍ എന്‍എസ്എസ് നേതൃത്വത്തിന് ധാര്‍മ്മികമായി യാതൊരവകാശവുമില്ല.
വിമോചനസമരകാലത്തെ കടുത്ത ജാതീയത പുറത്തുചാടുന്ന മുദ്രാവാക്യങ്ങള്‍ മുതല്‍ രണ്ടായിരത്തി ഒന്‍പത് ഫെബ്രുവരിയില്‍ എന്‍എസ്എസ് സമ്മേളനത്തില്‍ നാരായണപ്പണിക്കരെ വേദിയിലിരുത്തി ബാലകൃഷ്ണപ്പിള്ള നടത്തിയ വിഷം വമിക്കുന്ന പ്രസംഗം വരെ കേള്‍ക്കാന്‍ കാതില്ലാതിരുന്നിട്ടും കാക്കത്തൊള്ളായിരം മലയാളം ബ്ലോഗുകള്‍ക്കിടയിലൊന്നിലെ പോസ്റ്റുകളിലൊന്ന് കേള്‍ക്കാന്‍ കഴിഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ സെലക്റ്റീവ് കേള്‍വിയുടെ നിഷ്കളങ്കത ബോദ്ധ്യപ്പെടാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്.
ഒരു പ്രത്യേക ജാതിയില്‍ ജനിക്കുക എന്നത് തെരഞ്ഞെടുക്കാവുന്ന ഒന്നല്ല. അവനവനു പങ്കില്ലാത്ത ഒന്നിനെക്കുറിച്ച് അഭിമാനമോ അപമാനമോ തോന്നേണ്ടതില്ല. ഒരു സമുദായത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍, അതില്‍ അഭിമാനിക്കുന്നവര്‍, അതിനെ വിമര്‍ശിക്കുമ്പോള്‍ മുറിവേല്‍ക്കുന്നവര്‍, അതിന്റെ അപമാനങ്ങളില്‍ പങ്കാളികളാകാന്‍ വിധിക്കപ്പെട്ടവരാണ്.
വിചിത്രകേരളം ബ്ലോഗര്‍ ചെയ്തത് കുറ്റമാണെങ്കില്‍ അത് മുഖ്യമായും ഒരു സാംസ്കാരികകുറ്റകൃത്യമാണ്. അതിനെ സംഘടിതമായ നിയമനടപടികൊണ്ട് നേരിടുകവഴി എന്‍എസ്എസ് കുറേക്കൂടി വലിയ ഒരു സാംസ്കാരികകുറ്റകൃത്യമാണ് ചെയ്യുന്നത് എന്ന് ഈ ലേഖകന്‍ കരുതുന്നു, നിയമത്തിന്റെ വിധിതീര്‍പ്പ് എന്തുതന്നെയായിരുന്നാലും.