Thursday, May 29, 2008

ഉണ്ടിരിക്കുമ്പോളുണ്ടാകുന്ന ജനാധിപത്യബോധം

ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റിനോട്‌ എനിക്കുപറയാനുള്ളത്‌ എഴുതിവന്നപ്പോള്‍ നീണ്ടുപോയതിനാല്‍ ഇവിടെ. പെട്ടെന്നെഴുതിയ പ്രതികരണം മാത്രമാണിത്‌, ആദിമധ്യാന്തപ്പൊരുത്തമൊന്നും കണ്ടേക്കില്ല.

അപ്പോ ഉപ്പുസത്യാഗ്രഹം മുതല്‍ മിച്ചഭൂമിസമരം വരെ പൂര്‍ണ്ണമായും നിയമവിധേയമായിരുന്നു അല്ലിയോ ഇഞ്ചിപ്പെണ്ണേ? ഫ്രഞ്ച്‌ റെവല്യൂഷന്‍ മുതല്‍ മുത്തങ്ങസമരം വരെ അതാതു നാട്ടിലെ എല്ലാ നിയമങ്ങളും അനുസരിച്ചല്ലായിരുന്നോ നടന്നത്‌. ഗുജറാത്തില്‍ നടന്നത്‌ വര്‍ഗ്ഗീയകലാപമോ വംശഹത്യയോ അല്ലെന്നും അതിന്റെ പേര്‌ സമരം എന്നായിരുന്നെന്നും ഇപ്പഴല്ലിയോ അറിഞ്ഞത്‌.എന്താ ഈ കള്ളസന്യാസിയും ഒറിജനല്‍ സന്യാസിയും തമ്മിലുള്ള വ്യത്യാസം? ബലാല്‍തംഗം കയ്യോടെ പിടിക്കപ്പെട്ടവന്‍ കള്ളസ്വാമിയും ഭാഗ്യംകൊണ്ടോ ക്രിമിനല്‍ ബുദ്ധിയുടെ ആധിക്യം കൊണ്ടോ പിടിക്കപ്പെടാതെ പോകുന്നവന്‍ ഒറിജനല്‍ സ്വാമിയും എന്നാണോ?

ഒരെലിയുടെ രോമം ആത്മീയശക്തികൊണ്ട്‌ ഒരു ഡിഗ്രി തിരിക്കാമെന്നെങ്കിലും അവകാശപ്പെടുന്ന ഏതവനും കള്ളസ്വാമിയാണ്‌. ജനറലൈസുചെയ്തു പറഞ്ഞാല്‍ ഭൗതികമായ എന്തെങ്കിലും മാറ്റം യുക്തിക്കു നിരക്കാത്തതോ ശാസ്ത്രീയമായി തെളിയിക്കപ്പെടാന്‍ സാധ്യതയില്ലാത്തതോ ആയ മാര്‍ഗ്ഗത്തിലൂടെ നടത്തിയെടുക്കാമെന്ന് അവകാശപ്പെടുന്നവരല്ലാം കള്ളസ്വാമിമാരാണ്‌. ആ അര്‍ത്ഥത്തില്‍ നിത്യചൈതന്യയതിക്കുശേഷം ഏതങ്കിലും ഒരു സന്യാസിയെ കേരളത്തില്‍ കാണിച്ചുതരാമോ? (ശവകുടീരത്തില്‍ നിന്നും ഒരു ചെമ്പുകമ്പി തന്റെ ലൈബ്രറിയിലേക്ക്‌ വലിക്കണമെന്ന് യതി പറഞ്ഞിരുന്നത്‌ മറന്നിട്ടല്ല ഇതെഴുതുന്നത്‌ - ദൈവമൊന്നുമല്ലല്ലോ, വെറും മനുഷ്യനല്ലേ, ഞാനതങ്ങു വിട്ടു)

"എല്ലാ കാര്യത്തിലും ഡിഫി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നു ആരും ചോദിക്കുകയില്ല, ആത്മശുദ്ധിതെളിയിച്ചിട്ടുമതി മറ്റുള്ളവർക്കെതിരെ പടവാളോങ്ങൽ എന്നുമാത്രമാണ് പറയുന്നത്. അതോ അങ്ങനെ ഒന്നില്ലേ?"
അതെനിക്കിഷ്ടമായി രാജ്‌ നീീട്ടിയത്തങ്ങുന്നേ.

ഓരോ മനുഷ്യനും ഓരോ സാദ്ധ്യതയാണ്‌ - കള്ളന്റെയും ക്രൂരന്റെയും സന്യാസിയുടെയും ഫാസിസ്റ്റിന്റെയുമൊക്കെ സാദ്ധ്യത. എല്ലാത്തരം തിന്മയും നന്മയും ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌, അതിലേതാണ്‌ മേല്‍ക്കൈ നേടുന്നതെന്നതാണ്‌ അവനിലെ മനുഷ്യനെ നിര്‍ണ്ണയിക്കുന്നത്‌. തന്റെത്തന്നെ ഉള്ളിലുള്ള തിന്മയുടെ ബാഹ്യമായ മൂര്‍ത്തരൂപത്തെ എതിര്‍ക്കാന്‍ കഴിയുകയും അതുവഴി സ്വയം ശുദ്ധീകരണത്തിന്റെ ഒരു തലത്തിലൂടെ കടന്നുപോകാനും കഴിയുകയെന്നത്‌ ജനാധിപത്യത്തിന്റെ മാത്രം അനന്യസാധ്യതയാണ്‌. തിന്മയുടെ സാദ്ധ്യതകളെല്ലാം തുടച്ചുകളഞ്ഞതിനുശേഷം തിന്‍മക്കെതിരെ സംസാരിച്ചാല്‍ മതിയെന്നാണു പറയുന്നത്‌ ഉദ്ധാരണശേഷിയുള്ളവര്‍ സ്ത്രീപീഡനത്തിനെതിരെ സംസാരിക്കരുതെന്നു പറയുന്നതുപോലെയാണ്‌.


ഡി.വൈ.എഫ്‌.ഐ. എന്നല്ല ഏതു സംഘടനക്കും സമൂഹത്തിന്റെ സമ്മര്‍ദ്ദത്തില്‍നിന്നൊഴിഞ്ഞുനില്‍ക്കാനാവില്ല. സ്വാര്‍ത്ഥത കൊടികുത്തിവാഴുന്ന ഒരു സമൂഹത്തില്‍ ഒരു സംഘടനക്കും നൂറുശതമാനം അതില്‍ നിന്നും വിമുക്തമാകാനാകില്ല. ഏറ്റക്കുറച്ചിലുകളാണ്‌ നമ്മുടെ ലോകത്തില്‍ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത്‌, അബ്സല്യൂട്ട്‌ ആയ ഒരു എന്റിറ്റിയും ഒരു സാമൂഹ്യസാഹചര്യത്തിലും സാദ്ധ്യമല്ലതന്നെ. എന്തായാലും യൂത്തുകോണ്‍ഗ്രസ്സുകാരനെ കാണുമ്പോഴുള്ള ഓക്കാനം ഡി.വൈ.എഫ്‌.ഐ.ക്കാരനെക്കാണുമ്പോള്‍ തോന്നുന്നില്ലല്ലോ അല്ലേ?


പലതരം പരാജയങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുംകൂടിയാണ്‌ അവരിതു ചെയ്യുന്നതെന്ന് ഞാനും സമ്മതിക്കുന്നു, പക്ഷേ എന്തു ചെയ്യുന്നതെന്നതിലും പ്രധാനമാണ്‌ ചെയ്യുന്നതെന്തു ചെയ്യുന്നു എന്നത്‌. കേരളത്തിലെ സമാന്തരഅധികാരകേന്ദ്രങ്ങള്‍ക്കെതിരെ ജനമിളകുന്നതില്‍ അവര്‍ക്ക്‌ പങ്കുവഹിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്രയും നല്ലത്‌. നീതിക്കുവേണ്ടി നിയമത്തെ ലംഘിക്കാനുള്ള സാധ്യത ജനാധിപത്യത്തിന്റെ ശക്തികളിലൊന്നാണ്‌.


ഇനി, എന്തുകൊണ്ടിപ്പോള്‍, ഈ സ്വാമിമാരൊക്കെ ഇത്രയും കാലം ജനത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകായിരുന്നില്ലേ എന്നാണ്‌ ചോദ്യമെങ്കില്‍ - ഏത്‌ പൊളിറ്റിക്കല്‍ ആക്ഷനും ഒരു ട്രിഗറിംഗ്‌ പോയ്ന്റുണ്ട്‌, അല്ലെങ്കില്‍ ഉണ്ടാവണം. കൂപ്പിലെ തൊഴിലാളികള്‍ മരം വണ്ടിയില്‍ കേറ്റുന്നതുകണ്ടിട്ടില്ലേ, ഏലേസാ എന്ന ഒരു വിളിയില്‍ മരം വണ്ടിയിലെത്തും. ആക്ഷന്‍ മാത്രം പോരാ, അതിന്റെ സിങ്ക്രണൈസേഷനും ഒരുപോലെ പ്രധാനപ്പെട്ടതാണ്‌ രാഷ്ട്രീയത്തില്‍. പൊളിറ്റിക്കല്‍ ആക്ഷന്റെ ട്രിഗറിംഗ്‌ ജനാധിപത്യത്തില്‍ സംഘടനകള്‍ക്ക്‌ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നല്ല, ജനത - കുറച്ചുകൂടി കടത്തിപ്പറഞ്ഞാല്‍ ആള്‍ക്കൂട്ടം - അതിനു സജ്ജമാകേണ്ടതുകൂടിയുണ്ട്‌. രാഷ്ട്രീയപരിചയമുള്ള ഏതു സംഘടനയും ആ ടേണിംഗ്‌ പോയന്റിനുമുമ്പ്‌ ആക്ഷന്‍ ട്രിഗര്‍ ചെയ്യില്ല. അഥവാ ചെയ്താല്‍, അത്‌ ഒരു വാക്സിനേഷന്റെ ഫലമായിരിക്കും ഉണ്ടാക്കുക. ആക്ഷന്‍ പരാജയപ്പെടുമെന്നതു മാത്രമല്ല അതിന്റെ അനന്തരഫലം, സമാനമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഇമ്മ്യൂണൈസ്ഡ്‌ ആവുക എന്ന ദുരന്തം അത്‌ സോഷ്യല്‍ സൈക്കില്‍ സൃഷ്ടിക്കും.


നവോദ്ധാനത്തില്‍നിന്നുള്ള തിരിച്ചുപോക്കിന്റെ അനിവാര്യമായ ഫലങ്ങളാണ്‌ കേരളം ഇന്നനുഭവിക്കുന്നത്‌, അതില്‍ ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന(നിയോ ലിബറല്‍) രാഷ്ട്രീയചിന്താഗതിക്ക്‌ അവഗണിക്കാനാവാത്ത പങ്കുണ്ട്‌. "നരകത്തിലെ വെന്തുരുകുന്ന പ്രദേശങ്ങള്‍ ധാര്‍മ്മികപ്രതിസന്ധികളില്‍ നിഷ്പക്ഷതപാലിക്കുന്നവര്‍ക്കായി സംവരണംചെയ്യപ്പെട്ടിരിക്കുന്നു"വെന്ന് ഡാന്റെ