Wednesday, July 2, 2008

ഇവരോട് ക്ഷമിക്കേണമേ

സ്വീഡനിലെ ലിന്‍ഷോപിംഗ്‌ (Linkoping) എന്ന പുരാതനനഗരത്തിലെ കത്തീഡ്രലിലിനോടനുബന്ധിച്ചുള്ള മ്യൂസിയത്തില്‍നിന്നെടുത്ത പടം.



ബിഷപ്പായിരുന്നു മതനേതാവ്, രാജാക്കന്മാരുടെ മക്കള്‍ തന്നെയായിരുന്നു മിക്കവാറും ബിഷപ്പുമാരും. സുശക്തമായ പട്ടാളമുണ്ടായിരുന്നു പള്ളിക്ക്, അതിക്രൂരമായ ശിക്ഷാവിധികള്‍ പള്ളിയായിരുന്നു തീരുമാനിച്ചിരുന്നതും നടപ്പിലാക്കിയിരുന്നതും. രാഷ്ട്രീയമായ എല്ലാ തീരുമാനങ്ങളിലും പള്ളി കൈകടത്തിയിരുന്നു.

കാലമുരുണ്ടു, വിഷുവും വര്‍ഷവും തിരുവോണവും പലതു കഴിഞ്ഞു, സ്വീഡന്‍ ലോകത്തിലെത്തന്നെ മികച്ച ജനാധിപത്യമാതൃകകളിലൊന്നായി (കോണ്‍സ്റ്റിറ്റ്യൂഷണല്‍ മൊണാര്‍ക്കി പേരിനെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കിലും, ആയുധച്ചന്തയുടെ ആഗോളനിയന്ത്രണം കയ്യിലാണെങ്കിലും). രാഷ്ടീയവും മതവും തമ്മില്‍ പറയത്തക്ക ഒരു ബന്ധവുമില്ലാതെയായി. കുറ്റബോധത്തോടെ ഓര്‍ക്കാന്‍, വരുംതലമുറകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്ത തെറ്റുകളത്രയും അവര്‍ പ്രതീകങ്ങളായി സൂക്ഷിച്ചിരിക്കുന്നു.


ബിഷപ്പിന്റെ പട്ടാളം ഉപയോഗിച്ചിരുന്ന പരിചകളാണ്‌ ചിത്രത്തില്‍, നീതിക്കുവേണ്ടി അന്നു യുദ്ധം ചെയ്ത, വിശ്വാസികള്‍ തന്നെയായിരുന്ന, എതിരാളികളുടെ മനോവീര്യം തകര്‍ക്കാനാണ്‌ പരിചകളില്‍ കുരിശുരൂപങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളതെന്നും കത്തീഡ്രലിന്റെ അധീനതയിലുള്ള മ്യൂസിയത്തിലെ സൂക്ഷിപ്പുകാരി പറഞ്ഞു.







ആകസ്മികമായെത്തിയ ഇന്ത്യന്‍ അതിഥിക്ക് അവര്‍ സ്നേഹപൂര്‍വ്വം തന്ന വീഞ്ഞ്‌, ഗ്ലോഗെന്നു പേര്‌, ലഹരിയില്ല. ഇതവരുടെ വര്‍ത്തമാനകാലനിലപാടുകളുടെ പ്രതീകമായി തോന്നി.


യൂറോപ്പിനും മുമ്പേ യേശുവിനെ അറിഞ്ഞവരെന്നവകാശപ്പെടുന്നവരാണ് കേരളത്തിലെ കത്തോലിക്കാസഭ.


ദേവാലയപരിസരത്തുനിന്നും കച്ചവടക്കാരെ ചാട്ടക്കടിച്ചുപുറത്താക്കിയവന്‍, "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ" എന്നരുള്‍ചെയ്തവന്‍, ചരിത്രത്തിലെ ആദ്യത്തെ ലെഫ്റ്റിസ്റ്റ്‌, ഇവരോടു പൊറുക്കട്ടെ!