Friday, May 21, 2010

പ്രതിഷേധം - സി.ആര്‍.നീലകണ്ഠനുനേരെ കയ്യേറ്റം

സി.ആര്‍. നീലകണ്ഠനെ ഡി.വൈ.എഫ്.ഐ.ക്കാര്‍ ആക്രമിച്ചു

Posted on: 21 May 2010


പേരാമ്പ്ര: പാലേരിയില്‍ പൊതുവേദിയില്‍ പ്രസംഗിക്കാന്‍ ശ്രമിച്ച പ്രമുഖസാമൂഹിക പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠനെ ഒരു സംഘമാളുകള്‍ ആക്രമിച്ചു പരിക്കേല്പിച്ചു. മുപ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് അക്രമണം നടത്തിയത്. ദേഹമാസകലം പരിക്കേറ്റ അദ്ദേഹത്തെ ആസ്​പത്രിയിലെത്തിക്കാനുള്ള ശ്രമവും ഏറെനേരം അവര്‍ തടസ്സപ്പെടുത്തി.


മാതൃഭൂമി വാര്‍ത്തയാണ്, സ്വയം സൃഷ്ടിച്ചതാണോ എന്ന് എനിക്കറിയില്ല. അല്ലെന്ന ധാരണയിലാണ് ഈ പോസ്റ്റ്.

നീലകണ്ഠനെ ദേഹോപദ്രവമേല്‍പ്പിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഒരാള്‍ക്ക് പറയാനുള്ളത്, അത് എന്തുമാത്രം അസംബന്ധവും വസ്തുതാപരമായി തെറ്റും പ്രതിലോമകരവും വ്യക്തിതാല്പര്യത്താല്‍ മോട്ടിവേറ്റഡ് ആണെങ്കിലും, പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതും അതിനെ ശാരീരികമായി നേരിടുന്നതും ഒരു ജനാധിപത്യസംവിധാനത്തിന് പൊറുക്കാവുന്നതല്ല.

ജനാധിപത്യം ബഹുസ്വരതയുടെയും നിരന്തരമായ തിരുത്തലുകളുടെയും കളമാണ്, അതില്‍ അന്തിമവിധിതീര്‍പ്പുകള്‍ക്കും ഇറിവോക്കബിള്‍ ആയ ഇത്തരം പ്രതികരണങ്ങള്‍ക്കും സ്ഥാനമില്ല. നാളെ നീലകണ്ഠനായിരുന്നു ശരിയെന്ന്, അതിന് ഒരു സാധ്യതയുമില്ലെങ്കിലും, കാലം പറഞ്ഞാല്‍ ഈ കൊടുത്ത തല്ലിനെ ഡി.വൈ.എഫ്.ഐ. ഏത് കണക്കില്‍ എഴുതിത്തള്ളും?

തന്റെ ജനാധിപത്യാവകാശങ്ങളെ നീലകണ്ഠന്‍ നിരന്തരമായി, തീര്‍ത്തും നിരുത്തരവാദിത്വപരമായി, ദുരുപയോഗം ചെയ്തിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ തന്റെ അവകാശങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത് നീലകണ്ഠനാണ്, ഡി.വൈ.എഫ്.ഐ. അല്ല. നീലകണ്ഠന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും അയാളുടെ ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്. ദുരുപയോഗം എന്ന വാക്കുതന്നെ എന്റെ വ്യക്തിപരമായ തീര്‍പ്പാണ്, ഒരു അഭിപ്രായം മാത്രം. അതിന്റെ പേരില്‍ നീലകണ്ഠനെ വിധിക്കാന്‍ എനിക്ക് അര്‍ഹതയില്ല.

നീലകണ്ഠന്‍ കേരളസമൂഹത്തോട് ചെയ്യുന്നത് ഡി.വൈ.എഫ്.ഐ. നീലകണ്ഠനോട് ചെയ്തതിലും ചെറിയ ദ്രോഹമൊന്നുമല്ല എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം പറയുന്നത് കേട്ട് പ്രതികരിക്കാതിരിക്കാനും ആ പ്രതികരണം ജനാധിപത്യപ്രതികരണങ്ങളുടെ അതിരുകള്‍ ലംഘിക്കാതിരിക്കാനും ആത്മസംയമനം കുറച്ചൊന്നും പോര എന്ന വാദം ഒറ്റനോട്ടത്തില്‍ ശരിയെന്നുതോന്നുമെങ്കിലും, ജനാധിപത്യപ്രസ്ഥാനമെന്ന് പേരില്‍ മുതലേ അവകാശപ്പെടുന്ന ഒരു യുവജനപ്രസ്ഥാനത്തിന് ഒരു വ്യക്തിയുടെ ദുരുപദിഷ്ടപൂര്‍ണ്ണമായ പ്രചാരണങ്ങളെ സമചിത്തതയോടെ നേരിടാനുള്ള രാഷ്ട്രീയപക്വത ഉണ്ടാവേണ്ടതുണ്ട്. സാംസ്കാരികഫാസിസത്തോട് നിരന്തരം പോരടിച്ച് വളര്‍ന്ന ഒരു യുവജനപ്രസ്ഥാനം തങ്ങള്‍ എന്തിനെ എതിര്‍ത്തോ അതിന്റെത്തന്നെ പ്രയോക്താക്കളായി നിലകൊള്ളുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

നീലകണ്ഠന്‍ ശാരീരികാക്രമണത്തിനിരയായതില്‍ അത്ഭുതമൊന്നുമില്ല. though not acceptable, it's understandable. നമ്മളുടെ സമൂഹം, നീലകണ്ഠനും അയാളെ ആക്രമിച്ചവരുമടക്കം, ഉന്നതജനാധിപത്യമൂല്യങ്ങളിലേക്ക് വളരെ ദൂരം യാത്ര ചെയ്യാനുണ്ട്. ആ മൂല്യങ്ങളുടെ അഭാവവും അതിന്റെ ദോഷവശങ്ങളും അനുഭവിക്കുന്നവരാണ് അയാളെ തല്ലിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും. രാഷ്ട്രീയസമൂഹത്തിലെ ജനാധിപത്യമൂല്ല്യങ്ങളുടെ അഭാവത്തിനോ ഇടിവിനോ അതിലെ ഒരു ഫ്രാക്ഷനെ മാത്രം ഉത്തരവാദിയാക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. കേരളസമൂഹത്തിലെ സാംസ്കാരികഫാസിസം ഡി.വൈ.എഫ്.ഐ.യില്‍ നിന്ന് തുടങ്ങി അവരില്‍ത്തന്നെ അവസാനിക്കുന്നതാണെന്ന മട്ടിലുള്ള പ്രതികരണങ്ങള്‍ പുര കത്തുമ്പോഴുള്ള വാഴവെട്ടലേ ആകൂ.

ഡി.വൈ.എഫ്.ഐ. നടത്തിയെന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള ശാരീരികാക്രമത്തെ ശക്തിയായി അപലപിക്കുകയും അതില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.

Wednesday, May 19, 2010

ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയവും മലയാളം ഇന്റര്‍നെറ്റില്‍

ഇപ്പോള്‍ വിവാദമായിരിക്കുന്ന സൈബര്‍ കേയ്സിന് കാരണമായ വിചിത്രകേരളം എന്ന ബ്ലോഗ് വായിക്കുകയും അതിന്റെ ഹേയ്റ്റ് കണ്‍ടെന്റിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ബ്ലോഗര്‍മാരില്‍ ഒരാളാണ് ഈ ലേഖകനും. വിമര്‍ശങ്ങള്‍ക്കുനേരെയുള്ള അസഹിഷ്ണുതകൊണ്ടാവണം, ബ്ലോഗുടമ കമന്റ് ചെയ്യാനുള്ള ഓപ്ഷന്‍ തന്നെ എടുത്തുകളയുകയാണുണ്ടായത്.

കേരളത്തിലെ നായര്‍ സ്ത്രീകളുടെ ലൈംഗികതയും അതിനെ ചുറ്റിപ്പറ്റിയുള്ള സദാചാരമൂല്യങ്ങളും പൊതുവെയുള്ള മറ്റ്‌ സാമൂഹിക/സാമുദായിക വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നത്‌ ഒരു ചരിത്രസത്യമാണ്‌. ഭൗതികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കുവേണ്ടിക്കൂടി നായര്‍ സമുദായത്തിലെ ചിലര്‍ പോളിയാണ്ട്രി എന്ന പ്രാക്റ്റീസിനെ ഉപയോഗിച്ചിരുന്നു എന്ന ഭാഗികമായി മാത്രം ശരിയായ ചരിത്രവസ്തുതയെ വളച്ചൊടിച്ചും, ചരിത്രസന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റിയും, നായര്‍ സമുദായത്തിലെ സ്ത്രീകള്‍ മുഴുവന്‍ വേശ്യകളായിരുന്നു എന്ന് വാദിക്കുകയും അതിന് ചരിത്രത്തില്‍നിന്നും ചെറി പിക് ചെയ്ത വസ്തുതകളെ ഊഹങ്ങളും ഭാവനാസൃഷ്ടികളുമായി കൂട്ടിക്കലര്‍ത്തി തികച്ചും പ്രതിഷേധാര്‍ഹമായ രീതിയിലും ഭാഷയിലും അവതരിപ്പിക്കുകയും ചെയ്ത ബ്ലോഗായിരുന്നു വിചിത്രകേരളം.

(വിചിത്രകേരളം ബ്ലോഗറുടെ യഥാര്‍ത്ഥ പേര് ഷൈന്‍ എന്നാണെന്ന് പൊലീസ് ആരോപിക്കുന്നു. കോടതിയില്‍ അത് തെളിയുന്നതുവരെ വിചിത്രകേരളം എന്ന ബ്ളോഗ് പേരിനുപകരം ഷൈന്‍ എന്ന ഭൌതികവ്യക്തിത്വമുള്ള മനുഷ്യജീവിയുടെ പേര് ഉപയോഗിക്കുന്നത് അനീതിയാണെന്ന് ഞാന്‍ കരുതുന്നു. പൊലീസിന്റെ ആരോപണം കോടതി ശരിവയ്ക്കുന്നതുവരെ വിചിത്രകേരളം എന്ന ബ്ലോഗുടമയെ ഷൈന്‍ എന്നു വിളിക്കുന്നത് കോടതിയില്‍ പരിഗണനയിലിരിക്കുന്ന വ്യവഹാരത്തില്‍ മുന്‍വിധിയോടെ അഭിപ്രായം പറയുക എന്ന പ്രാഥമികമായി അധാര്‍മ്മികവും രണ്ടാമതായി മാത്രം നിയമവിരുദ്ധവുമായ പ്രവര്‍ത്തിയായിരിക്കും എന്നതിനാല്‍ അത്തരമൊരു സംബോധന ഇവിടെ ഒഴിവാക്കുന്നു).

വിചിത്രകേരളം ബ്ലോഗര്‍ എഴുതിയിരുന്നതില്‍ വസ്തുതാപരമായ ധാരാളം ശരികളുണ്ടായിരുന്നു. പക്ഷേ മിക്കവാറും ശരിയായ വസ്തുതകളില്‍നിന്ന് രാഷ്ട്രീയമായും വസ്തുതാപരമായും തീര്‍ത്തും തെറ്റായ നിഗമനങ്ങളിലേക്കാണ് അറിഞ്ഞോ അറിയാതെയോ അദ്ദേഹം സ്ഥിരമായി എത്തിച്ചേര്‍ന്നിരുന്നത്.ആ സമീപനത്തില്‍ പ്രതിഷേധാര്‍ഹമായ പല വശങ്ങളുണ്ട്.

* ഇന്നിന്റെ പൊതുബോധം സൃഷ്ടിച്ചുവച്ചിട്ടുള്ള, എന്നാല്‍ കാര്യമായി ആരും പ്രാക്റ്റീസ് ചെയ്യാത്ത പുരുഷാധിപത്യസദാചാരബോധത്തിന്റെ അടിസ്ഥാനത്തില്‍ വേറൊരു കാലത്തെ, രാഷ്ട്രീയം കൊണ്ടും സംസ്കാരം കൊണ്ടും തികച്ചും വ്യത്യസ്തമായ വേറൊരു കാലത്തെ, വിധിക്കുക എന്ന രീതിശാസ്ത്രപരമായ തെറ്റ്.
* ഇന്നിന്റെ സദാചാരബോധം ചോദ്യം ചെയ്യാന്‍ പാടില്ലാത്തതും നിശ്ചലവും പരിപാവനമായതുമായ എന്തോ ആണെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാംസ്കാരികവിധിതീര്‍പ്പ്.
* തീര്‍ത്തും കപടവും ജനാധിപത്യവിരുദ്ധവുമായ വര്‍ത്തമാനകാലസദാചാരബോധത്തിന്റെ റീയിന്‍ഫോഴ്സ്മെന്റില്‍ പങ്കാളിയാവുകവഴി താന്‍ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭാവിക്കുന്ന അതേ കപടസദാചാരത്തെ വേറൊരു രീതിയില്‍ അംഗീകരിക്കല്‍.
* നായര്‍സമുദായം പോളിയാണ്ട്രി പിന്തുടര്‍ന്നിരുന്നെങ്കില്‍ അവര്‍ക്കുമുകളിലുള്ള സാവര്‍ണ്ണ്യത്തിന്റെ ഇരകള്‍ കൂടിയായിരുന്നു അവരെന്ന് അനുമാനിക്കാനുള്ള സാമൂഹ്യബോധമില്ലായ്മ.
* ലൈംഗികചൂഷണത്തിന്റെ ഇരകള്‍ എന്ന നിലയെ, ഇരകളുടെ പൊതുവെയുള്ള നിലപാടില്‍നിന്ന് വ്യത്യസ്തമായി, അവരില്‍ ചിലരെങ്കിലും കാലക്രമേണ സാമൂഹ്യ-സാമ്പത്തിക ഉന്നതിക്ക് പ്രയോജനപ്പെടുത്തിയെന്നത് ശരിയാണെങ്കില്‍പ്പോലും പ്രാഥമികമായി അവര്‍ ബ്രാഹ്മണ്യത്തിന്റെ ഇരകളായിരുന്നു വസ്തുതക്കുനേരെയുള്ള കണ്ണടയ്ക്കുക വഴി വിക്റ്റിമിനെ വീണ്ടും വിക്റ്റിമൈസ് ചെയ്യല്‍.

കാളക്ക് പകരം നുകത്തില്‍ കെട്ടിയിരുന്നവന്റെ പിന്‍തലമുറയെ നിന്റെയൊക്കെ അപ്പൂപ്പന്‍മാര്‍ കന്നുകാലികളെപ്പോലെയായിരുന്നു എന്ന് പരിഹസിക്കുന്നപോലെയാണ് വേറൊരുകാലത്തെ നായര്‍സ്ത്രീകളെ അവര്‍ക്ക് നാമമാത്രനിയന്ത്രണം മാത്രമുണ്ടായിരുന്ന ലൈംഗികവിധേയത്വത്തിന്റെ പേരില്‍ പരിഹസിക്കുന്നതും.

അതേസമയം സ്വേച്ഛാപരമായിരുന്നു നായര്‍ സ്ത്രീകളുടെ ലൈംഗികജീവിതം എന്നും ലോകത്തിലെത്തന്നെ ലൈംഗികതയുടെ പുറത്ത് സ്വയംനിര്‍ണ്ണയാവകാശമുണ്ടായിരുന്ന അപൂര്‍വ്വം സ്ത്രീസമൂഹങ്ങളില്‍ ഒന്നായിരുന്നു അവര്‍ എന്നുമൊക്കെ സന്ദേഹങ്ങളില്ലാതെ അനുമാനിക്കുന്നതും ഇര എന്ന പൊസിഷന്റെ നിരാകരണമാണ്. സാമൂഹ്യസമര്‍ദ്ദം കൊണ്ടും സമുദായത്തിലെ സ്ത്രീകളുടെ പ്രത്യേകമായ ലൈംഗികജീവിതത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചിരുന്ന, ചിഹ്നങ്ങളില്‍ മാട്രിയാര്‍ക്കലായിരുന്നെങ്കിലും ഫലത്തില്‍ പാട്രിയാര്‍ക്കലായിരുന്ന, കുടുംബാധികാരഘടനയുടെ നേരിട്ടുള്ള സമര്‍ദ്ദംകൊണ്ടും അത്തരമൊരു സ്വയംനിര്‍ണ്ണയാവകാശം സ്ത്രീകള്‍ക്ക് വ്യാപകമായി സാദ്ധ്യമായിരുന്നില്ലെന്ന് വേണം അനുമാനിക്കാന്‍. സൂരിനമ്പൂതിരിപ്പാടുമാരില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞാല്‍പ്പോലും പഞ്ചുമേനവന്‍മാരില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞ ഇന്ദുലേഖമാര്‍ അപൂര്‍വ്വമായിരുന്നിരിക്കണം.

വിചിത്രകേരളം ബ്ലോഗര്‍ നടത്തിയ ഇടപെടലിന്, അതെത്രമാത്രം ക്ഷുദ്രമായിരുന്നാലും, സാംസ്കാരികവിമര്‍ശനത്തിന്റേതായ ഒരു തലമുണ്ടായിരുന്നു. അതിന്റെ നിയമപരമായ വശങ്ങള്‍ ചര്‍ച്ചചെയ്യേണ്ട ആവശ്യം പോലും ഇവിടെയുണ്ടെന്ന് കരുതുന്നില്ല, പൊലീസ് ചാര്‍ജ് ചെയ്യുന്ന കേയ്സിന്റെ അടിസ്ഥാനത്തിലും ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും കോടതി തീരുമാനിക്കേണ്ടതാണത്. സാംസ്കാരികയുക്തികളെ നേരിടേണ്ടത് മെച്ചപ്പെട്ട സാംസ്കാരികയുക്തികള്‍ കൊണ്ടായിരിക്കണം എന്ന് ഞാന്‍ കരുതുന്നു.

വിചിത്രകേരളം മുന്നോട്ടുവച്ച അതേ വസ്തുകള്‍ത്തന്നെ ചരിത്രസന്ദര്‍ഭവുമായി ചേര്‍ത്തുവച്ച് പുനര്‍വ്യാഖ്യാനിച്ചാല്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളുടെ നേരെ എതിരായ നിഗമനങ്ങളിലേക്കെത്താനും അദ്ദേഹത്തിന്റെ അസംബന്ധനിലവാരത്തിലുള്ള അനുമാനങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നിരാകരിക്കാനും കഴിയുമായിരുന്നു. വലിയ ബൌദ്ധികാധ്വാനമൊന്നും ആവശ്യമില്ലാത്ത അത്തരം സാംസ്കാരികമായ ഒരു തിരുത്തലിന് ശ്രമിക്കാതെ/പ്രാപ്തിയില്ലാതെ രാഷ്ട്രീയാധികാരത്തിനും സ്വാധീനത്തിനും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്ന പൊലീസ് സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ യുക്തിയും ധാര്‍മ്മികതയും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. നമ്പ്യാരായ കുഞ്ചന്റെ രാജാവ് നാരായണപ്പണിക്കരായിരുന്നെങ്കില്‍ കലക്കത്തുകാരന്‍ എത്ര തുള്ളല്‍ തികയ്ക്കുമായിരുന്നു?

പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകളെ ഇത്തരം ചര്‍ച്ചകളില്‍ ക്രിയാത്മകമായി ഇടപെട്ട് വിശദീകരിക്കാനും തിരുത്താനും തങ്ങള്‍ക്ക് കിട്ടുന്ന അവസരം കൂടിയാണ് ഇത്തരം നടപടികളിലൂടെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതെന്ന് ഇവരെ ആരു പറഞ്ഞുമനസ്സിലാക്കും? എക്സോസ്റ്റ് വാല്‍വുകളെ എത്രകാലം ഇവര്‍ ഭീഷണിപ്പെടുത്തി അടച്ചുവയ്ക്കും?

നിയമങ്ങള്‍ അതാത് കാലത്തെ സാമാന്യയുക്തിയെ ക്രോഡീകരിച്ചതാണ് ; സാംസ്കാരികയുക്തികളാകട്ടെ അതിലും പല പടികള്‍ കടന്ന് നാളെയുടെ നിയമയുക്തിയെ നിര്‍ണ്ണയിക്കുന്നവയും. ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏത് പരിഷ്കൃതസമൂഹവും നിയമത്തിന്റെ ജഡവ്യവഹാരങ്ങളേക്കാള്‍ ചലനാത്മകമായ സാംസ്കാരികവ്യവഹാരങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുക.

സാംസ്കാരികവ്യവഹാരങ്ങളെയും അതുവഴി ഉരുത്തിരിയുന്ന യുക്തികളേയും തടയുന്നത് നിലവില്‍ തങ്ങള്‍ക്കനുകൂലമായ നിയമങ്ങള്‍ക്ക് നാളെയുണ്ടാകാനിടയുള്ള പരിണാമത്തെ തടയലും കൂടിയാണ്. ജാതികൊണ്ട് സ്വയം അടയാളപ്പെടാന്‍ പോലും വിമുഖരായിരുന്ന ഉല്പതിഷ്ണുക്കളുടെ ഒരു വന്‍നിരയെ കേരളത്തിന് സാങ്കേതികമായ അര്‍ത്ഥത്തിലെങ്കിലും സംഭാവനചെയ്ത ഒരു സമുദായമായിരുന്നിട്ടും കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തിലുടനീളം ജഡതയെ മാത്രം സ്നേഹിച്ച നായര്‍ സമുദായത്തിന്റെ ഔദ്യോഗികസംഘടനാനേതൃത്വം ഇത്തരം നടപടികള്‍ക്ക് മുതിരുന്നതില്‍ അതിശയമില്ല. കാലത്തെ അതിജീവിച്ച് വര്‍ത്തമാനകാലത്തെ നിര്‍ണ്ണയിക്കുന്ന, ജനാധിപത്യമടക്കമുള്ള, മിക്കവാറും ആശയങ്ങള്‍ എല്ലാംതന്നെ അതാത് കാലത്തെ നിയമങ്ങള്‍ക്ക് എതിരായിരുന്നുതാനും.

അഭിപ്രായസ്വാതന്ത്ര്യം എന്നത് വസ്തുതാപരമായി പൂര്‍ണ്ണമായും തെറ്റായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. ഒരു സാംസ്കാരികവ്യവഹാരത്തിനെ, അതെത്ര ചെറുതോ നികൃഷ്ടമോ ആയാലും, നേരിടേണ്ടത് സാംസ്കാരികയുക്തികള്‍ ഉപയോഗിച്ചുകൊണ്ട് സംസ്കാരത്തിന്റെ തലത്തിലായിരിക്കണം. ബ്ലോഗിലുണ്ടായതിനെ ബ്ലോഗില്‍ മാത്രം ചെറുക്കണമെന്നല്ല പറയുന്നത്, അതിനെ സാദ്ധ്യമായ ഏത് മാദ്ധ്യമത്തിലേക്കും ചര്‍ച്ചയ്ക്കെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. തന്റെ തെറ്റായ ധാരണകളെ പ്രകടിപ്പിക്കുക എന്ന സാംസ്കാരികസ്വാതന്ത്ര്യം ഉപയോഗിക്കുകയാണ് വിചിത്രകേരളം ബ്ലോഗര്‍ ചെയ്തത്. അതില്‍ വിയോജിപ്പുണ്ടെങ്കില്‍ സാംസ്കാരിതലത്തില്‍ നേരിടേണ്ടതിനുപകരം നിയമത്തിന്റെ എളുപ്പവഴി സ്വീകരിക്കുന്നത് തങ്ങള്‍ക്കെതിരെ സാദ്ധ്യമായ രാഷ്ട്രീയ-സാംസ്കാരികവ്യവഹാരങ്ങളെ മുളയിലേ നുള്ളാനുള്ള ഫ്യൂഡല്‍ യുക്തിയായേ കാണാനാവൂ.

മറ്റേത് മാദ്ധ്യമവും ചര്‍ച്ചയ്ക്കെടുക്കാന്‍ മടിക്കുന്ന ആഴത്തിലും പരപ്പിലും ബ്ലോഗ് ചര്‍ച്ചകളില്‍ ജാതിയും ജാതീയതയും പൊളിച്ചടുക്കപ്പെട്ടിട്ടുണ്ട്. അധികാരം കയ്യാളുന്ന വിഭാഗങ്ങളുടെ സാംസ്കാരികമായ മേല്‍ക്കൈ ഒരു തരത്തിലും സാദ്ധ്യമല്ലാത്ത മേഖലയാണ് മലയാളം ബ്ലോഗ് ഇന്ന്. ഒരാള്‍ക്കും സ്വന്തം ജാതിയില്‍ പരസ്യമായി അഭിമാനിക്കല്‍ അത്ര എളുപ്പമാവില്ല ബ്ലോഗുള്ളിടത്തോളം.

ടെലിവിഷന്‍ വാര്‍ത്തകളുടെ മണിക്കൂറുകളുടെ ആയുസ്സും പത്രത്തിന്റെ ദിവസത്തെ ആയുസ്സും വാരികകളുടെ ആഴ്ചകളുടെ ആയുസ്സുമല്ലല്ലോ ഇന്റര്‍നെറ്റിലെ കണ്‍ടെന്റിന്. ഉണ്ടായ അന്നുമുതലുള്ള സകല കണ്‍ടെന്റും ഒറ്റ കീവേര്‍ഡ് സെര്‍ച്ചില്‍ പൊങ്ങിവരും. കൈകാര്യം ചെയ്യാതെ വളരാന്‍ വിട്ടാല്‍ നാളേറുന്തോറും കണ്‍ടെന്റിന്റെ അളവും ഗുണവും കൂടിവരികയും ചെയ്യും.

ജാത്യാഭിമാനികള്‍ സ്വന്തം ജാതിയുടെ പേര്, അതിനി ഏത് പ്രമുഖജാതിയാണെങ്കിലും, ഒന്ന് സെര്‍ച് ചെയ്താല്‍ അതോടെ തീരും അഭിമാനം. വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ടും പറയുന്നവന്റെ വായമൂടിക്കൊണ്ടുമുള്ള പരമ്പരാഗത മീഡിയാ മാനേയ്ജ്മെന്റിന് ഇന്റര്‍നെറ്റ് വഴങ്ങിക്കിട്ടില്ല. പരസ്യം കിട്ടാത്ത അവസ്ഥ വരുത്തുമെന്ന് വിരട്ടിയാല്‍ ചാനല്‍ വീഴും, അമേരിക്കയില്‍ കിടക്കുന്ന ഹോസ്റ്റിങ്ങ് കമ്പനിയെ എന്തുപറഞ്ഞ് വിരട്ടും?

തങ്ങള്‍ ജാതിശ്രേണിയില്‍ ക്ഷത്രിയരും ബ്രാഹ്മണരോട് വിവാഹബന്ധം വരെ ഉണ്ടായിരുന്നവരുമായിരുന്നെന്നും അതുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തോട് തോളോടുതോള്‍ ചേര്‍ന്ന് നിന്നിരുന്നവരുമാണെന്നും കേരളചരിത്രത്തിനെക്കുറിച്ച് കാര്യമായ ധാരണയില്ലാത്ത മലയാളി പൊതുസൈക്കിയില്‍ കുത്തിവയ്ക്കുന്നതിലും അങ്ങനെ സ്വയം വിശ്വസിപ്പിക്കുന്നതിലും നായര്‍ ഉപജാപം വിജയിച്ചിട്ടുണ്ട്. ബ്രാഹ്മണാധികാരത്തിന് സമീപകാലകേരളസമൂഹത്തിലുണ്ടായ പുനര്‍നിര്‍മ്മിതിക്ക് ഒരു സാദ്ധ്യതയുമില്ലാത്ത സ്വാധീനത്തകര്‍ച്ചയെയും ആ തകര്‍ച്ച ഒഴിച്ചിട്ട സാംസ്കാരിക‌ഇടത്തെയും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് നായര്‍ സമുദായമാണ് - പൊതുവെ പ്രതീക്ഷിക്കപ്പെട്ടപോലെ പുരോഗമനാശയങ്ങളോ പ്രസ്ഥാനങ്ങളോ അല്ല. സാംസ്കാരികവും രാഷ്ട്രീയവുമായ മേല്‍ക്കൈ സ്വാഭാവികമായി വന്നുചേരേണ്ടത് തങ്ങളിലേക്കാണെന്നും ചാതുര്‍വര്‍ണ്യത്തില്‍ ബ്രാഹ്മണന് തൊട്ടുപിറകേ വരുന്ന വര്‍ണ്ണമെന്ന നിലയില്‍ 'ക്ഷത്രിയ'രായ തങ്ങള്‍ അതിന് സര്‍വ്വഥാ അര്‍ഹരാണെന്നും സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. തൊണ്ണൂറുകളിലുണ്ടായ ദേശീയരാഷ്ട്രീയത്തിലെ സംഘപരിവാറിന്റെ തിരിച്ചുവരവും സമാന്തരമായി കേരളത്തില്‍ നടന്ന സാംസ്കാരിക റിവൈവലിസവും ഇത്തരം വ്യാജനിര്‍മ്മിതികളില്‍ പരസ്പരപൂരകമായി നിലകൊള്ളുകയും ചെയ്തു.

തികച്ചും ബോധപൂര്‍വ്വമായി പണിപ്പെട്ട് സൃഷ്ടിച്ചെടുത്ത അത്തരമൊരു സാംസ്കാരികാന്തരീക്ഷത്തിന്റെ തകര്‍ച്ച ബ്ലോഗ് പോലൊരു ജനാധിപത്യമാധ്യമരൂപത്തിന്റെ ഉദയത്തോടെ ക്ഷിപ്രസാധ്യമാണെന്നുള്ള തിരിച്ചറിവ് സ്വാഭാവികമായും റിവൈവലിസ്റ്റ് കളിക്കളങ്ങളില്‍ ജയിച്ചുനില്‍ക്കുന്ന ഒരു സമുദായത്തിലെ പ്രമാണിമാര്‍ക്ക് അത്ര സുഖകരമാവില്ല. ഇന്റര്‍നെറ്റ് മാദ്ധ്യമത്തില്‍ ഭാവിയില്‍ സാദ്ധ്യമാകാനിടയുള്ള കൂടുതല്‍ വലിയ ഒരു പൊളിച്ചടുക്കലിനെ ജാത്യാധികാരം ഭയക്കുന്നുണ്ടെന്നുവേണം, കൈ ഞൊടിച്ചാല്‍ ഏത് അധികാരിയും പാഞ്ഞെത്തുന്ന സ്വാധീനമുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെക്കൊണ്ടുതന്നെ ഇത്തരമൊരു പരാതി നേരിട്ട് കൊടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുക എന്നുവേണം അനുമാനിക്കാന്‍.

സാംസ്കാരികവ്യവഹാരങ്ങളില്‍ കോടതി തീര്‍പ്പുകല്പ്പിക്കുന്ന കീഴ്‌വഴക്കം സൃഷ്ടിക്കുകവഴി എല്ലാ ജനാധിപത്യവകാശങ്ങളേയും സംഘടിതനിയമനടപടിയുടെ ഭീഷണിയില്‍ നിര്‍ത്തി തങ്ങളുടെ ചരിത്രവും അതിന്റെ വ്യാഖ്യാനങ്ങളും ചര്‍ച്ചചെയ്യപ്പെടാനുള്ള അവസാനത്തെ സാധ്യതയും ഇല്ലാതാക്കുകയും അതുവഴി സാംസ്കാരിക-രാഷ്ട്രീയ സ്ഥാപിതതാല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യാനുള്ള ശ്രമമായല്ലാതെ ഇത്തരമൊരു നടപടിയെ കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ജാത്യാധിക്ഷേപത്തിന് കേയ്സെടുക്കണമെങ്കില്‍ ഈഴവര്‍ പന്നിപെറ്റ മക്കളാണെന്ന് ശാസ്തമംഗലത്ത് പൊതുവേദിയില്‍ പ്രസംഗിച്ചതായി റിപ്പോര്‍ട് ചെയ്യപ്പെട്ട എന്‍എസ്സ്എസ്. സ്ഥാപകന്‍ മന്നത്ത് പത്മനാഭനെതിരെ കേയ്സെടുത്തുകൊണ്ടായിരിക്കണം ആ പ്രക്രിയ തുടങ്ങേണ്ടത്. ഇനി അന്തരിച്ചവരുടെ പേരില്‍ കേയ്സെടുക്കാനാവില്ല എന്ന സാങ്കേതികന്യായമാണെങ്കില്‍ ജാത്യാധിക്ഷേപത്തിന് നിയമനടപടി എടുക്കുന്നതിനുമുമ്പ് അതിന്റെ അപ്പോസ്തലനായിരുന്ന തങ്ങളുടെ സംഘടനയുടെ സ്ഥാപകനേതാവിനെയും, അദ്ദേഹത്തെ മാതൃകയാക്കിയതുകൊണ്ടാവണം, തരം കിട്ടുമ്പോഴൊക്കെ ജാത്യാധിക്ഷേപം നടത്തുന്ന സംഘടനാപ്രവര്‍ത്തകരേയും അനുഭാവികളേയും തള്ളിപ്പറഞ്ഞുകൊണ്ടല്ലാതെ അതു ചെയ്യാന്‍ എന്‍എസ്എസ് നേതൃത്വത്തിന് ധാര്‍മ്മികമായി യാതൊരവകാശവുമില്ല.

വിമോചനസമരകാലത്തെ കടുത്ത ജാതീയത പുറത്തുചാടുന്ന മുദ്രാവാക്യങ്ങള്‍ മുതല്‍ രണ്ടായിരത്തി ഒന്‍പത് ഫെബ്രുവരിയില്‍ എന്‍എസ്എസ് സമ്മേളനത്തില്‍ നാരായണപ്പണിക്കരെ വേദിയിലിരുത്തി ബാലകൃഷ്ണപ്പിള്ള നടത്തിയ വിഷം വമിക്കുന്ന പ്രസംഗം വരെ കേള്‍ക്കാന്‍ കാതില്ലാതിരുന്നിട്ടും കാക്കത്തൊള്ളായിരം മലയാളം ബ്ലോഗുകള്‍ക്കിടയിലൊന്നിലെ പോസ്റ്റുകളിലൊന്ന് കേള്‍ക്കാന്‍ കഴിഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ സെലക്റ്റീവ് കേള്‍വിയുടെ നിഷ്കളങ്കത ബോദ്ധ്യപ്പെടാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്.

ഒരു പ്രത്യേക ജാതിയില്‍ ജനിക്കുക എന്നത്‌ തെരഞ്ഞെടുക്കാവുന്ന ഒന്നല്ല. അവനവനു പങ്കില്ലാത്ത ഒന്നിനെക്കുറിച്ച്‌ അഭിമാനമോ അപമാനമോ തോന്നേണ്ടതില്ല. ഒരു സമുദായത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍, അതില്‍ അഭിമാനിക്കുന്നവര്‍, അതിനെ വിമര്‍ശിക്കുമ്പോള്‍ മുറിവേല്‍ക്കുന്നവര്‍, അതിന്റെ അപമാനങ്ങളില്‍ പങ്കാളികളാകാന്‍ വിധിക്കപ്പെട്ടവരാണ്‌.

വിചിത്രകേരളം ബ്ലോഗര്‍ ചെയ്തത് കുറ്റമാണെങ്കില്‍ അത് മുഖ്യമായും ഒരു സാംസ്കാരികകുറ്റകൃത്യമാണ്. അതിനെ സംഘടിതമായ നിയമനടപടികൊണ്ട് നേരിടുകവഴി എന്‍എസ്എസ് കുറേക്കൂടി വലിയ ഒരു സാംസ്കാരികകുറ്റകൃത്യമാണ് ചെയ്യുന്നത് എന്ന് ഈ ലേഖകന്‍ കരുതുന്നു, നിയമത്തിന്റെ വിധിതീര്‍പ്പ് എന്തുതന്നെയായിരുന്നാലും.

Tuesday, May 18, 2010

ജനാധിപത്യത്തില്‍ എത്രകഴഞ്ച് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്?

ഇപ്പോള്‍ വിവാദമായിരിക്കുന്ന സൈബര്‍ കേയ്സിന് കാരണമായ വിചിത്രകേരളം എന്ന ബ്ലോഗ് വായിക്കുകയും അതിന്റെ ഹേയ്റ്റ് കണ്‍ടെന്റിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ബ്ലോഗര്‍മാരില്‍ ഒരാളാണ് ഈ ലേഖകനും. വിമര്‍ശങ്ങള്‍ക്കുനേരെയുള്ള അസഹിഷ്ണുതകൊണ്ടാവണം, ബ്ലോഗുടമ കമന്റ് ചെയ്യാനുള്ള ഓപ്ഷന്‍ തന്നെ എടുത്തുകളയുകയാണുണ്ടായത്.

കേരളത്തിലെ നായര്‍ സ്ത്രീകളുടെ ലൈംഗികതയും അതിനെ ചുറ്റിപ്പറ്റിയുള്ള സദാചാരമൂല്യങ്ങളും പൊതുവെയുള്ള മറ്റ്‌ സാമൂഹിക/സാമുദായിക വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നത്‌ ഒരു ചരിത്രസത്യമാണ്‌. ഭൗതികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കുവേണ്ടിക്കൂടി നായര്‍ സമുദായത്തിലെ ചിലര്‍ പോളിയാണ്ട്രി എന്ന പ്രാക്റ്റീസിനെ ഉപയോഗിച്ചിരുന്നു എന്ന ഭാഗികമായി മാത്രം ശരിയായ ചരിത്രവസ്തുതയെ വളച്ചൊടിച്ചും, ചരിത്രസന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റിയും, നായര്‍ സമുദായത്തിലെ സ്ത്രീകള്‍ മുഴുവന്‍ വേശ്യകളായിരുന്നു എന്ന് വാദിക്കുകയും അതിന് ചരിത്രത്തില്‍നിന്നും ചെറി പിക് ചെയ്ത വസ്തുതകളെ ഊഹങ്ങളും ഭാവനാസൃഷ്ടികളുമായി കൂട്ടിക്കലര്‍ത്തി തികച്ചും പ്രതിഷേധാര്‍ഹമായ രീതിയിലും ഭാഷയിലും അവതരിപ്പിക്കുകയും ചെയ്ത ബ്ലോഗായിരുന്നു വിചിത്രകേരളം.

(വിചിത്രകേരളം ബ്ലോഗറുടെ യഥാര്‍ത്ഥ പേര് ഷൈന്‍ എന്നാണെന്ന് പൊലീസ് ആരോപിക്കുന്നു. കോടതിയില്‍ അത് തെളിയുന്നതുവരെ വിചിത്രകേരളം എന്ന ബ്ളോഗ് പേരിനുപകരം ഷൈന്‍ എന്ന ഭൌതികവ്യക്തിത്വമുള്ള മനുഷ്യജീവിയുടെ പേര് ഉപയോഗിക്കുന്നത് അനീതിയാണെന്ന് ഞാന്‍ കരുതുന്നു. പൊലീസിന്റെ ആരോപണം കോടതി ശരിവയ്ക്കുന്നതുവരെ വിചിത്രകേരളം എന്ന ബ്ലോഗുടമയെ ഷൈന്‍ എന്നു വിളിക്കുന്നത് കോടതിയില്‍ പരിഗണനയിലിരിക്കുന്ന വ്യവഹാരത്തില്‍ മുന്‍വിധിയോടെ അഭിപ്രായം പറയുക എന്ന പ്രാഥമികമായി അധാര്‍മ്മികവും രണ്ടാമതായി മാത്രം നിയമവിരുദ്ധവുമായ പ്രവര്‍ത്തിയായിരിക്കും എന്നതിനാല്‍ അത്തരമൊരു സംബോധന ഇവിടെ ഒഴിവാക്കുന്നു).

malayal.amനുവേണ്ടി എഴുതിയതാണ് ഈ ലേഖനം. പൂര്‍ണ്ണരൂപം വേറൊരു പോസ്റ്റായി ഈ ബ്ലോഗില്‍ത്തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്, ഇവിടെ വായിക്കാം. malayala.am ല്‍ വായിക്കുന്നതിന് ഇവിടെ പോകുക.

Tuesday, October 6, 2009

വസ്തുതാപരമായ ചില പിശകുകള്‍ !

2001-2002ലാണ് സംഭവം. ഒരാവശ്യത്തിന് കൊയമ്പത്തൂരില് പോയതാണ്. പോയകാര്യം നടന്നതിന്റെ സന്തോഷം ആഘോഷിച്ച് ഞങ്ങള്‍ രണ്ടുപേര്‍ കൊയമ്പത്തൂര് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്ഡിലെത്തി. ബസ് കാത്തിരിക്കുമ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നതിനടുത്ത് നന്നായി വസ്ത്രം ധരിച്ച ഗൌരവപ്രകൃതിയായ വാര്‍ദ്ധക്യത്തോടടുത്ത ഒരാളിരുന്ന് ദ ഹിന്ദു വായിക്കുന്നു. ഞങ്ങള്‍ പരസ്പരം പരിചയപ്പെടുന്നു. മലയാളത്തിലാണ് സംസാരം, ഇടക്ക് അദ്ദേഹത്തിന്റെ സുന്ദരന്‍ ഇംഗ്ളീഷും. സംസാരത്തിനിടക്ക് അദ്ദേഹം ഡെന്നിസ് റിച്ചിയുടെയും കെന്‍ തോംപ്സന്റെയും കൂടെ ബെല്‍ലാബ്സില്‍ ജോലിചെയ്തിരുന്നയാളാണെന്നും യുണീക്സിന്റെ ആദ്യകാലഡിസൈനേഴ്സില് ഒരാളാണെന്നും അറിഞ്ഞപ്പോള്‍ യുണീക്സില്‍ പണിയെടുത്ത് കഞ്ഞികുടിച്ചിരുന്ന ഞങ്ങള്‍ക്ക് വലിയ സന്തോഷവും ബഹുമാനവും. ഇടക്കദ്ദേഹം ചായ കുടിക്കാനായി പുറത്തുപോയി. ഇത്രയും വലിയ മനുഷ്യന്‍ എത്ര ലളിതമായ ജീവിതമാണ് നയിക്കുന്നതെന്ന് ഞങ്ങള്‍ ആശ്ചര്യപ്പെട്ടു.

ചായക്കുശേഷം അദ്ദേഹം തിരിച്ചുവന്ന് ഞങ്ങളുടെ മുന്നില് എളിയില് കൈകുത്തിനിന്ന് അപ്രതീക്ഷിതമായി അലറി

"ചൈനയുടെ പ്രസിഡന്റാണ് ഞാന്‍. ഇന്ത്യയുടെ ചെയര്‍മാന് ഇന്നലെ ഡെഡ്ലൈന്‍ കൊടുത്തിട്ടുണ്ട്, മറ്റന്നാള് കാലത്തേക്ക് സിക്കിം ചൈനയില് ചേര്‍ത്തോളണമെന്ന്. എന്റെ ആര്‍മി അറബിക്കടല്‍ വളഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്റെ കസ്റ്റഡിയിലാണ്. അതിനിടക്ക് കൊയമ്പത്തൂരിലെ ന്യൂക്ളിയര്‍ റിയാക്ടറില് ആറ്റംബോംബുണ്ടാക്കുന്നുണ്ടെന്നറിഞ്ഞ് അതിന്റെ ഫ്യൂസൂരാന്‍ വന്നതാണ്. എന്റെ കൂടെ കൂടുന്നോ?"

ഇത്രയും വിഭ്രമാതമകമായ ഒരു വിവരം കിട്ടിയിട്ടും ഞങ്ങള്‍ പോലീസിനെയോ പട്ടാളത്തെയോ അറിയിച്ചില്ല, കീഴ്പെടുത്താന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു വൃദ്ധനായിരുന്നിട്ടുകൂടി അയാളെ പിടിച്ചുകെട്ടി ഇന്ത്യയാക്രമിക്കാന്‍ വന്ന ചൈനയുടെ പ്രസിഡണ്ടിനെ പിടിച്ചുകെട്ടിയതിന് ധീരതക്കുള്ള പ്രസിഡണ്ടിന്റെ അവാര്‍ഡ് വാങ്ങാനുള്ള സുവര്‍ണ്ണാവസരം ഉപയോഗിച്ചില്ല, രാജ്യത്തെ വലിയൊരു ആക്രമത്തില്‍നിന്നും രക്ഷപ്പെടുത്താനുള്ള സാദ്ധ്യത ഉപയോഗിക്കുകയോ അതിനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്തില്ല, അറ്റ്ലീസ്റ്റ് അയാളുടെ ഒരു ഇന്റര്‍വ്യൂ എടുത്ത് മാധ്യമങ്ങള്‍ക്കുകൊടുത്ത് ഷൈന്‍ ചെയ്തില്ല - എന്തുകൊണ്ട്?

എന്റെയോ സുഹൃത്തിന്റെയോ പേര് സിസി ജേക്കബ് എന്നായിരുന്നില്ല, ഞങ്ങളിലാര്‍ക്കും പണി മാതൃഭൂമി പത്രത്തിലുമായിരുന്നില്ല.

-----------------------------------------------


ഹനാന്‍ ബിന്‍ത് ഹാഷിം എന്ന 'ശാസ്ത്രപ്രതിഭ'യെപ്പറ്റി സിസി ജേക്കബ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഈ പോസ്റ്റിനാധാരം. ലിങ്ക് ഇവിടെയും ഇവിടെയും

ഹനാന്‍ എന്ന ബാല/കൌമാരപ്രതിഭ ശുദ്ധതട്ടിപ്പാണെന്നും അതിലെ തട്ടിപ്പല്ലാത്ത വാര്ത്ത കോഴിക്കോട്ട് ഹനാന്‍ എന്നു പേരുള്ള ഒരു കുട്ടി പത്താംക്ളാസില്‍ പഠിക്കുന്നുണ്ട് എന്ന് മാത്രമാണെന്നും പലയിടത്തും തെളിയിക്കപ്പെട്ടതാണ്. സംശയമുള്ളവര് ഈ ലിങ്കുകള്‍ നോക്കുക.1 2 3 4 ഇനിയും തെളിവുകള്‍ വേണമെങ്കില്‍ ലഭ്യമാക്കാവുന്നതാണ്. ഹനാന്‍ തട്ടിപ്പാണോ എന്ന് പരിശോധിക്കല്‍ ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്നില്ലെങ്കിലും.

കിട്ടിയ വാര്‍ത്ത അപ്പുറത്തെ വീട്ടിലെ പ്ളസ് ടു പയ്യനോടെങ്കിലും ചോദിച്ച് കണ്‍ഫേം ചെയ്യാന് സിസി ജേക്കബിന് തോന്നിയില്ല. ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ മുതല്‍ മാധവന്‍നായരെവരെ കൊച്ചെടുത്ത് അമ്മാനമാടിയിട്ടും സയന്‍സിലെ സിദ്ധാന്തങ്ങള്‍ തിരുത്തുന്നത് പത്രത്തിന്റെ ലോക്കല്‍ ഏജന്റ് ചരമക്കോളത്തിലേക്കയക്കുന്ന വാര്‍ത്ത തിരുത്തുനതുപോലെ എന്തോ പരിപാടിയാണെന്ന് പല പല അവാര്‍ഡുകള്‍ ശേഖരത്തിലുള്ള സിസി ജേക്കബിന് തോന്നിയത് സ്വാഭാവികം‌. നിങ്ങള്‍ക്കൊരു പണിയറിയാമെങ്കില്‍ അത് ചെയ്യാം, ചെയ്യാനറിയില്ലെങ്കില്‍ അത് പഠിപ്പിക്കാം, ഒന്നിനെക്കുറിച്ചും ഒന്നുമറിയില്ലെങ്കില്‍ എല്ലാറ്റിനെക്കുറിച്ചും പത്രത്തിലെഴുതി ജീവിക്കാം. ബൈലൈനുകളില്‍ അഭിരമിക്കാം, അതില്‍ വിരലോടിച്ച് ആത്മരതിയില്‍ മുഴുകാം.

ഈ വാര്‍ത്ത വന്നത് സെപ്റ്റംബര്‍ പതിനാലിന്, ഇരുപത്തിരണ്ട് ദിവസങ്ങള്‍ക്കുമുമ്പ്. അന്നുതന്നെ നൂറുകണക്കിനാളുകള്‍, ശാസ്ത്രപ്രതിഭകളൊന്നുമല്ല അത്യാവശ്യം ഹൈസ്കൂള്‍ ശാസ്ത്രം അറിയാവുന്നരോ ഇന്റര്നെറ്റ് കമ്പി കാണാന്‍ മാത്രം ഉള്ള സാധനമല്ല എന്നറിയാവുന്നരോ ആയ മിക്കവരും, മനസ്സിലാക്കിയിരുന്നു ഇത് ശുദ്ധതട്ടിപ്പാണെന്ന്. പലരും ബ്ളോഗ് പോസ്റ്റായും കമന്റായും ഇ‌മെയിലുകളായുമ് അത് മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. മാതൃഭൂമിയില്‍ത്തന്നെ അറിയേണ്ടവരൊക്കെ അന്നുതന്നെ അറിഞ്ഞിട്ടുണ്ട്, വാര്ത്തയുടെ നിജസ്ഥിതി. എന്നിട്ടും പിറ്റേന്ന് മാതൃഭൂമി വാര്ത്തയുടെ ഫോളോ അപ് കൊടുത്തത് ഹനാന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെന്നുമാണ്. സംഗതി ഈ നിലക്ക് നാറുമെന്ന് ജനങ്ങള്‍ എന്തറിയണം എന്നും എന്ത് ചര്ച്ചചെയ്യണം എന്നും അടുത്തകാലം വരെ നിശ്ചയിച്ചിരുന്നവരില്‍ പ്രമുഖരായ മാതൃഭൂമി സ്വാഭാവികമായും കരുതിക്കാണില്ല. തെളിയാത്ത കള്ളം ഞാനായിട്ടെന്തിന് പൊളിക്കണമെന്ന് ഏതു കള്ളനും തോന്നുന്നത് സ്വാഭാവികം, പോലീസ് പിടിച്ചിടിക്കുമ്പോള്‍ പറഞ്ഞാല്‍പ്പോരേ!

പക്ഷേ സംഗതി മൊത്തത്തില് നാറിയെന്ന് ദിവസങ്ങള്‍ക്കകം മാതൃഭൂമിക്ക് മനസ്സിലായിക്കാണണം. പക്ഷേ അത് സ്വയമങ്ങ് സമ്മതിക്കുന്നതെങ്ങനെ? അങ്ങനെ വാര്ത്ത പ്രസിദ്ധീകരിച്ച് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്കുശേഷം, പശുവും ചത്ത് മോരിലെ പുളിയും പോയപ്പോള്, മാതൃഭൂമിക്കതാ ഒരു കത്തുകിട്ടുന്നു. എഴുതിയത് സാഹിത്യനിരൂപകശ്രീ ശ്രീ വി.സി.ശ്രീജന്‍. വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍ വന്ന ഏതാനും പോയിന്റുകള്‍ അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചുട്ടുണ്ട്. അതിനുതാഴെ പത്രാധിപരുടെ ഒന്നേകാല്‍ വരി കുറിപ്പ് "വസ്തുതാപരമായ ചില പിശകുകള്‍ വാര്‍ത്തയില്‍വന്നതില് ഖേദിക്കുന്നു".

ഒന്നുകില് ശ്രീജന് അയച്ച കത്ത് മാതൃഭൂമിയിലെത്താന് ഇരുപതു ദിവസമെടുത്തു, ശ്രീജന്റെ കത്തു കിട്ടുന്നതുവരെ മാതൃഭൂമി സംഭവമൊട്ട് അറിഞ്ഞിട്ടുമില്ല. അല്ലെങ്കില്‍ ശ്രീജന്‍ രണ്ടാഴ്ചയിലൊരിക്കല്‍ മാത്രം പത്രം വായിക്കുന്നയാളാണ്. പത്രം വായിച്ചയുടന്‍ കത്തെഴുതി, അത് മാതൃഭൂമി പ്രസിദ്ധീകരിച്ചു. രണ്ടായാലും ഇത്തരക്കാര്‍ക്ക് പറ്റിയ പണി പത്രം നടത്തലല്ല, വല്ല ഗോബര്‍ ഗ്യാസ് പ്ളാന്റും നടത്തി ചാണകവാതകം സപ്ളൈ ചെയ്യലാണ്. അതാവുമ്പോള്‍ ഇന്നത്തെ ചാണകവും ഇന്നലത്തെ ചാണകവും ഒരേ ടാങ്കിലാണ് പോവുന്നത്, പഴക്കവും സമയവുമൊന്നും വലിയ വിഷയമല്ല, നിങ്ങളെപ്പോലെത്തന്നെ അകത്തിടുന്നത് ചാണകവും പുറത്തുവരുന്നത് വെറും ഗ്യാസുമാണ്. ചാണകത്തില്‍നിന്നും വരുന്ന ഗ്യാസ് കത്തും എന്ന ഒരു വ്യത്യാസമുണ്ടെന്നുമാത്രം!

എന്താണ് മാതൃഭൂമി ഓണ്‍ലൈനില്‍ വായനക്കാരിട്ടിരുന്ന കമന്റുകളില്‍നിന്നും അവര്‍ക്ക് കിട്ടിയ ഇ-മെയിലുകളില്‍നിന്നും ബ്ളോഗ്‌പോസ്റ്റുകളില്‍നിന്നും അവയില്‍ വന്ന നൂറുകണക്കന് കമന്റുകളില്‍നിന്നും തെറ്റുമനസ്സിലാക്കി ഉടന്‍ തിരുത്തുകൊടുക്കാതെ സാഹിത്യനിരൂപകപ്രതിഭയുടെ ശാത്രലേഖനത്തിനുവേണ്ടി മാതൃഭൂമി പത്തിരുപതുദിവസം കാത്തത്? മാതൃഭൂമിയല്ലേ സാധനം, വിഷയം ശാസ്ത്രമായാലും കൃഷിയായാലും പക്ഷിസംരക്ഷണമായാലും മണല്‍വാരലായാലും അഭിപ്രായം പറയേണ്ടവര്‍ ലിറ്റററി സര്‍ക്കിളിലുള്ളവരായിരിക്കണം. അത് അവരുടെ ചരിത്രപരമായ ബാദ്ധ്യതയാണ്. അപ്പോള്‍ സാഹിത്യനിരൂപകനെന്താ മെച്ചം? ശാസ്ത്രവും സാങ്കേതികവിദ്യയും അടിസ്ഥാനപരമായി അധികാരത്തിനോട് വിധേയത്വം പുലര്‍ത്തുന്നതും അതിന്റെ തൊട്ടടുത്ത് നില്‍ക്കുന്നതുമാണ്. പല മാനുഷികവ്യവഹാരങ്ങളിലൊന്ന് എന്നതിനപ്പുറം ശാസ്ത്രം സാമൂഹികജീവിതത്തില്‍ കയ്യാളുന്ന ഡിസ്‌പ്രൊപ്പോഷനേയ്റ്റായ അപ്രമാദിത്വം അധികാരവുമായുള്ള ഈ പ്രോക്സിമിറ്റി സ്രൃഷ്ടിക്കുന്നതാണ്. വാലും തലയുമില്ലാതെയാണെങ്കിലും തരം കിട്ടുമ്പോള്‍ ശാസ്ത്രം കൈകാര്യം ചെയ്യുന്നത് ആ അധികാരത്തിനെ പാസ്സീവായി പിന്‍പറ്റാനുള്ള ശ്രമമാണ് എന്നും കരുതാവുന്നതാണ്. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് എന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ വിമര്‍ശിക്കുന്നത് എന്റെ സ്വാതന്തൃവുമാണ്.

അപ്പോള്‍ ശ്രീജന് ആരായി? ഒറ്റയടിക്ക് ശാസ്ത്രറിപ്പോര്‍ട്ടുകളെ തിരുത്താന് മാത്രം ശാസ്ത്രജ്ഞാനമുള്ള സാഹിത്യലോകത്തെ അപൂര്‍വ്വപ്രതിഭയായി. മാതൃഭൂമി ആരായി? സാഹിത്യപ്രതിഭയുടെ ശാസ്ത്രസംബന്ധമായ തിരുത്ത് ഓഫീസിലെത്തിയപ്പോഴേക്കും അത് പ്രസിദ്ധീകരിച്ച് പത്രസദാചാരത്തിന് മികച്ച മാതൃക കാട്ടിയ മഹദ്‌പ്രസ്ഥാനമായി. എന്നാല്‍ വാര്ത്ത സൃഷ്ടിച്ച ഇംപാക്ടോ? അതിനൊരു കോട്ടവും തട്ടിയിട്ടുമില്ല. മാതൃഭൂമിക്ക് പറ്റിയത് "വസ്തുതാപരമായ ചില പിശകുകള്" മാത്രമാണ്. ശ്രീജന്റെ കത്തിലുള്ളവയില്‍ ഏതൊക്കെയാണ് 'പിശകുകള്‍' എന്ന് മാതൃഭൂമി പറയുന്നേയില്ല. പശുവിന്റെ കടിയും മാറി കാക്കയുടെ കൊതിയും മാറി. സോ ദ ഡീല്‍ വാസ് മ്യൂച്വലി ബെനഫിഷ്യല്‍ - എ വിന്‍-വിന്‍ സിറ്റ്വേഷന്‍. ജീവശാസ്ത്രവിദ്യാര്ത്ഥികളേ പ്ളീസ് മേയ്ക് നോട് ഓഫ് ഏന്‍ ഐഡിയല് എക്സാംപിള് ഓഫ് സിംബയോട്ടിക് എക്സിസ്റ്റന്സ്! മിടുക്കന്‍മാര്‍, മാപ്പുപറച്ചില്‍പോലും പ്രഹസനമാക്കി മാറ്റുന്നവര്‍, വെറും മിടുക്കന്‍മാരല്ല - തിണ്ണമിടുക്കന്‍മാര്‍! നാടകം കണ്ടാല് കുറച്ചൊക്കെ ഞങ്ങള്‍ക്കും മനസ്സിലാവും സാറമ്മാരേ...

പപ്പൂസിന്റെ പോസ്റ്റില് അദ്ദേഹം സൂചിപ്പിച്ചപോലെ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏതിനും കടുത്ത മത്സരമുള്ള കേരളം പോലൊരു സമൂഹത്തില്‍ ഇത്തരമൊരു വാര്‍ത്തയുടെ ഇംപാക്റ്റെന്താണെന്ന് മാതൃഭൂമിയില്‍ ആരെങ്കിലും ആലോചിച്ചോ? ഹനാന്‍ വാര്‍ത്ത, ഹനാനല്ല, സൃഷ്ടിക്കുന്ന റെഫറന്‍സ് ഫ്രെയ്‌മ് കേരളത്തിലെ ഒരു മിടുക്കനായ ശാസ്ത്രവിദ്യാര്‍ത്ഥിക്കുണ്ടാക്കുന്ന നിരാശ എത്രമാത്രമെന്ന് വല്ല പിടിയുമുണ്ടോ? ഇല്ലെന്നുവേണം കരുതാന്‍. തെറ്റായ ഒരു വാര്‍ത്ത തടിയൂരാന്‍ വേണ്ടി തിരുത്തുന്നതിനപ്പുറം ആ വാര്‍ത്തയുണ്ടാക്കിയ ഇംപാക്റ്റിനെ നള്ളിഫൈ ചെയ്യാനുള്ള ശ്രമം ഉത്തരവാദിത്വമുള്ള ഒരു മാധ്യമസ്ഥാപനത്തിനുണ്ടാവേണ്ടതാണ്. തുറന്നുപറയുന്നതില്‍ വിഷമം തോന്നരുത്, ഇമ്മാതിരി അച്ചിമാരും അണ്ണന്‍മാരും കാണിക്കുന്നത് കൂട്ടിക്കൊടുപ്പിനേക്കാളും നാറിയ പണിയാണ്. "സര്‍ മെഡിക്കല്‍ കോളേയ്ജില്‍ ഹൌസ് സര്‍ജനാണ് , പിജി എന്‍ട്രന്സിനു പഠിക്കുകയാണ് "എന്നു പറഞ്ഞ് കൂട്ടിക്കൊടുക്കുന്ന പിംപ് ഒരാളെയേ ഒരുസമയത്ത് ചതിക്കുന്നുള്ളൂ, ഇല്ലാത്ത ശാസ്ത്രപ്രതിഭയെ ഇല്ലാത്ത റെഫറന്‍സുകള്‍ വച്ചെഴുതി പത്രത്തില്‍ കൊടുത്ത് നിങ്ങള്‍ ചതിക്കുന്നത് ഒരു വലിയ സമൂഹത്തെയാണ്.

ഞങ്ങള്‍ക്കൊക്കെ കക്കൂസില്‍ പോകാനെങ്കിലും പത്രം വേണം. ജീവിതത്തില്‍നിന്നും മൊത്തമായി പത്രം ഒഴിവാക്കാന്‍ ശീലം സമ്മതിക്കില്ല. പക്ഷേ എട്ടാം ക്ളാസിലെ കണക്ക് ഹോംവര്‍ക്ക് 'സി'യില്‍ പ്രോഗ്രാമെഴുതി സോള്‍വ് ചെയ്യുന്ന ഇപ്പോഴത്തെ ഗവണ്‍മെന്റ് സ്കൂള്‍ മിടുക്കികള്‍ക്കും മിടുക്കന്‍മാര്ക്കും അതുപോലും വേണ്ടിവരില്ല സമീപഭാവിയില്‍ . അക്കാലത്ത് സിസി ജേക്കബുമാര്‍ക്ക് പിഴച്ചുപോകണമെങ്കില്‍ ഇപ്പഴേ ആഞ്ഞുപിടി. ബുദ്ധിജീവി-മാധ്യമപ്രതിഭ വേഷംകെട്ടൊക്കെ കയ്യില്‍ത്തന്നെ വച്ചേക്കണം.

ജനങ്ങളോട് പറയാനുള്ളത് പറയാന്‍ നിങ്ങളുടെ ഇടനില തീര്ത്തും അപ്രസക്തമാകുന്ന കാലം അത്ര വിദൂരമൊന്നുമല്ല.

Wednesday, July 2, 2008

ഇവരോട് ക്ഷമിക്കേണമേ

സ്വീഡനിലെ ലിന്‍ഷോപിംഗ്‌ (Linkoping) എന്ന പുരാതനനഗരത്തിലെ കത്തീഡ്രലിലിനോടനുബന്ധിച്ചുള്ള മ്യൂസിയത്തില്‍നിന്നെടുത്ത പടം.ബിഷപ്പായിരുന്നു മതനേതാവ്, രാജാക്കന്മാരുടെ മക്കള്‍ തന്നെയായിരുന്നു മിക്കവാറും ബിഷപ്പുമാരും. സുശക്തമായ പട്ടാളമുണ്ടായിരുന്നു പള്ളിക്ക്, അതിക്രൂരമായ ശിക്ഷാവിധികള്‍ പള്ളിയായിരുന്നു തീരുമാനിച്ചിരുന്നതും നടപ്പിലാക്കിയിരുന്നതും. രാഷ്ട്രീയമായ എല്ലാ തീരുമാനങ്ങളിലും പള്ളി കൈകടത്തിയിരുന്നു.

കാലമുരുണ്ടു, വിഷുവും വര്‍ഷവും തിരുവോണവും പലതു കഴിഞ്ഞു, സ്വീഡന്‍ ലോകത്തിലെത്തന്നെ മികച്ച ജനാധിപത്യമാതൃകകളിലൊന്നായി (കോണ്‍സ്റ്റിറ്റ്യൂഷണല്‍ മൊണാര്‍ക്കി പേരിനെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കിലും, ആയുധച്ചന്തയുടെ ആഗോളനിയന്ത്രണം കയ്യിലാണെങ്കിലും). രാഷ്ടീയവും മതവും തമ്മില്‍ പറയത്തക്ക ഒരു ബന്ധവുമില്ലാതെയായി. കുറ്റബോധത്തോടെ ഓര്‍ക്കാന്‍, വരുംതലമുറകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്ത തെറ്റുകളത്രയും അവര്‍ പ്രതീകങ്ങളായി സൂക്ഷിച്ചിരിക്കുന്നു.


ബിഷപ്പിന്റെ പട്ടാളം ഉപയോഗിച്ചിരുന്ന പരിചകളാണ്‌ ചിത്രത്തില്‍, നീതിക്കുവേണ്ടി അന്നു യുദ്ധം ചെയ്ത, വിശ്വാസികള്‍ തന്നെയായിരുന്ന, എതിരാളികളുടെ മനോവീര്യം തകര്‍ക്കാനാണ്‌ പരിചകളില്‍ കുരിശുരൂപങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളതെന്നും കത്തീഡ്രലിന്റെ അധീനതയിലുള്ള മ്യൂസിയത്തിലെ സൂക്ഷിപ്പുകാരി പറഞ്ഞു.ആകസ്മികമായെത്തിയ ഇന്ത്യന്‍ അതിഥിക്ക് അവര്‍ സ്നേഹപൂര്‍വ്വം തന്ന വീഞ്ഞ്‌, ഗ്ലോഗെന്നു പേര്‌, ലഹരിയില്ല. ഇതവരുടെ വര്‍ത്തമാനകാലനിലപാടുകളുടെ പ്രതീകമായി തോന്നി.


യൂറോപ്പിനും മുമ്പേ യേശുവിനെ അറിഞ്ഞവരെന്നവകാശപ്പെടുന്നവരാണ് കേരളത്തിലെ കത്തോലിക്കാസഭ.


ദേവാലയപരിസരത്തുനിന്നും കച്ചവടക്കാരെ ചാട്ടക്കടിച്ചുപുറത്താക്കിയവന്‍, "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ" എന്നരുള്‍ചെയ്തവന്‍, ചരിത്രത്തിലെ ആദ്യത്തെ ലെഫ്റ്റിസ്റ്റ്‌, ഇവരോടു പൊറുക്കട്ടെ!

Thursday, June 26, 2008

ഇങ്ങനേയും കുറെ ജന്മങ്ങള്‍

നേയ്ഷന്‍ സ്റ്റേയ്റ്റ് പൊളിറ്റിക്സില്‍ എനിക്ക് മിനിമം ലെവലിലുള്ള താല്‍പ്പര്യമേയുള്ളൂ, അതില്‍ നടക്കുന്നതൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല, അവഗണിക്കാറില്ലെങ്കിലും.

പക്ഷേ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സമരം, പാഠപുസ്തകത്തില്‍ അപ്പടി കമ്യൂണിസമാണെന്നും പറഞ്ഞുനടക്കുന്ന സമരം, മനുഷ്യനെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്ന ഒന്നാണ്.

പാഠപുസ്തകത്തിന്റെ ‘വിവാദ’പേജുകള്‍ കാണുക.ഇതിലെവിടെയാണ് കമ്യൂണിസം? ഇതിലെഴുതിയതൊക്കെ കമ്യൂണിസമാണെങ്കില്‍ കമ്യൂണിസ്റ്റല്ലാത്തവരെ കിട്ടിയാല്‍ തല്ലണം. കറന്റുബില്ല്, ഗാന്ധിയുടെ പടമുള്ള കറന്‍സിനോട്ടുകളില്‍ പ്രിന്റുചെയ്തിട്ടുള്ള 500 1000 തുടങ്ങിയ അക്കങ്ങള്‍, ആറാംക്ലാസ്സിലോ മറ്റോ വായിച്ചുതുടങ്ങിയ കൊച്ചുപുസ്തകങ്ങള്‍ എന്നിവ കൂടാതെ ഒന്നും ജീവിതത്തില്‍ വായിച്ചിട്ടില്ലാത്തതുകൊണ്ടാവണം ഇവനിതൊക്കെ കമ്യൂണിസമാണെന്നു തോന്നുന്നത്. ഞാന്‍ നോക്കിയിട്ട് മതനിരപേക്ഷമായ മാനവികതയല്ലാതെ ഇതിലൊന്നുമില്ല.


പിന്നെന്തു പഠിപ്പിക്കണം? ഭൂമി പരന്നതാണെന്നും ആദത്തിന്റെ വാരിയെല്ലെടുത്തുണ്ടാക്കിയ ഹവ്വ പെറ്റ സന്താനങ്ങള്‍ അവരുടെത്തന്നെ സഹോദരങ്ങളുമായി ഇണചേര്‍ന്നുണ്ടായതാണ്‌ മനുഷ്യവംശമുണ്ടായതെന്നുകൂടി പഠിപ്പിക്കണോ? ബ്രൂണോ സ്വയം തീകൊളുത്തി ആത്മഹത്യചെയ്തതായിരുന്നു എന്നായാലോ? അഞ്ഞൂറുകൊല്ലത്തോളം മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തിയ യൂറോപ്പിന്റെ ഇരുണ്ട കാലഘട്ടം കമ്യൂണിസ്റ്റുകാരുടെ സൃഷ്ടിയായിരുന്നു എന്നു പഠിപ്പിക്കണോ?

എന്നുമുതലാണ് കോണ്‍ഗ്രസ് ഒരു സെക്യുലര്‍ പാര്‍ട്ടിയല്ലാതായത്? എന്നാണിവര്‍ പള്ളിയുടെ നാവായത്? ഇന്ത്യന്‍ കൃസ്ത്യന്‍ കോണ്‍ഗ്രസ് എന്നാണോ ഇവരുടെ പാര്‍ട്ടിയുടെ പേര്? ഭരണഘടന് ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങള്‍ക്കെതിരെയാണ് സമരമെന്ന് ഇവനൊന്നും അറിയില്ലേ?

പാവം നെഹ്രു, എല്ലാ മതങ്ങള്‍ക്കും തുല്യമായ അവഗണന എന്ന് സെക്യുലറിസത്തിനെ നിര്‍വ്വചിച്ചപ്പോള്‍ ഈ ജാതി നിര്‍ഗ്ഗുണപരബ്രഹ്മങ്ങളെ ഭാവനയില്‍‌പ്പോലും കണ്ടിരിക്കില്ല. ‘മഹാനായ നെഹ്രു വിഭാവനം ചെയ്ത് മതേതരത്വത്തിനെതിരാണിത്‘ എന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ ചര്‍ച്ചിക്കുന്നതു കണ്ടു ഇന്നലെ ടി.വി.യില്‍. അതേ, മുസ്ലീല്‍ ലീഗിനെപ്പറ്റി ചത്ത കുതിരയെന്നൊരുവാക്കുമാത്രം പറഞ്ഞവസാനിപ്പിച്ച അതേ നെഹ്രു. അതേവരെയില്ലാതിരുന്ന ബഹുമാനം തോന്നി നെഹ്രുവിനോട് - കോഴിയായിരുന്നെങ്കിലും കുണ്ടന്‍‌മാരെപ്പോലെ പൂവും ചൂടി നടന്നിരുന്നെങ്കിലും ഒരച്ഛന്‍ ജയിലില്‍‌നിന്നും മകള്‍ക്കയച്ച കത്തുകള്‍ വീട്ടിലിരുന്നെഴുതിയിരുന്നെങ്കിലും അഭയാര്‍ത്ഥിയായൊരു പ്രധാനമന്ത്രി അന്ന് അസാദ്ധ്യമായിരുന്നതിനാല്‍ മാത്രം ഇന്ത്യയെ ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷത്തിലേക്കു തള്ളിവിട്ടുവെങ്കിലും ഇന്ദിരയെപ്പോലൊരു ഏകാതിപധിയെ സൃഷ്ടിച്ചുവെങ്കിലും - ഒരൊന്നാന്തരം ഡെമോക്രാറ്റായിരുന്നു.

വിമോചനസമരത്തിനുശേഷം ഇത്രയും നീചമായ മറ്റൊരു കാരണത്തിന്‌ ഈ നായിന്റെ മക്കളെ തെരുവില്‍ കണ്ടിട്ടില്ല. ജനിച്ചപ്പഴേ വരിയുടഞ്ഞുപുറത്തുവന്ന പാവാടകെഎസ്സുയുക്കാരനൊക്കെ സമരത്തിനിറങ്ങിയിരിക്കുന്നു!

പണ്ട് ജയചന്ദ്രന്‍‌നായര്‍ കലാകൌമുദിയുടെ എഡിറ്റോറിയലില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെപ്പറ്റി പറഞ്ഞപോലെ “ഇവനെയൊക്കെ ഡാഷില്‍ മുക്കിയ ചൂലുകൊണ്ടടിക്കണം!“

Thursday, May 29, 2008

ഉണ്ടിരിക്കുമ്പോളുണ്ടാകുന്ന ജനാധിപത്യബോധം

ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റിനോട്‌ എനിക്കുപറയാനുള്ളത്‌ എഴുതിവന്നപ്പോള്‍ നീണ്ടുപോയതിനാല്‍ ഇവിടെ. പെട്ടെന്നെഴുതിയ പ്രതികരണം മാത്രമാണിത്‌, ആദിമധ്യാന്തപ്പൊരുത്തമൊന്നും കണ്ടേക്കില്ല.

അപ്പോ ഉപ്പുസത്യാഗ്രഹം മുതല്‍ മിച്ചഭൂമിസമരം വരെ പൂര്‍ണ്ണമായും നിയമവിധേയമായിരുന്നു അല്ലിയോ ഇഞ്ചിപ്പെണ്ണേ? ഫ്രഞ്ച്‌ റെവല്യൂഷന്‍ മുതല്‍ മുത്തങ്ങസമരം വരെ അതാതു നാട്ടിലെ എല്ലാ നിയമങ്ങളും അനുസരിച്ചല്ലായിരുന്നോ നടന്നത്‌. ഗുജറാത്തില്‍ നടന്നത്‌ വര്‍ഗ്ഗീയകലാപമോ വംശഹത്യയോ അല്ലെന്നും അതിന്റെ പേര്‌ സമരം എന്നായിരുന്നെന്നും ഇപ്പഴല്ലിയോ അറിഞ്ഞത്‌.എന്താ ഈ കള്ളസന്യാസിയും ഒറിജനല്‍ സന്യാസിയും തമ്മിലുള്ള വ്യത്യാസം? ബലാല്‍തംഗം കയ്യോടെ പിടിക്കപ്പെട്ടവന്‍ കള്ളസ്വാമിയും ഭാഗ്യംകൊണ്ടോ ക്രിമിനല്‍ ബുദ്ധിയുടെ ആധിക്യം കൊണ്ടോ പിടിക്കപ്പെടാതെ പോകുന്നവന്‍ ഒറിജനല്‍ സ്വാമിയും എന്നാണോ?

ഒരെലിയുടെ രോമം ആത്മീയശക്തികൊണ്ട്‌ ഒരു ഡിഗ്രി തിരിക്കാമെന്നെങ്കിലും അവകാശപ്പെടുന്ന ഏതവനും കള്ളസ്വാമിയാണ്‌. ജനറലൈസുചെയ്തു പറഞ്ഞാല്‍ ഭൗതികമായ എന്തെങ്കിലും മാറ്റം യുക്തിക്കു നിരക്കാത്തതോ ശാസ്ത്രീയമായി തെളിയിക്കപ്പെടാന്‍ സാധ്യതയില്ലാത്തതോ ആയ മാര്‍ഗ്ഗത്തിലൂടെ നടത്തിയെടുക്കാമെന്ന് അവകാശപ്പെടുന്നവരല്ലാം കള്ളസ്വാമിമാരാണ്‌. ആ അര്‍ത്ഥത്തില്‍ നിത്യചൈതന്യയതിക്കുശേഷം ഏതങ്കിലും ഒരു സന്യാസിയെ കേരളത്തില്‍ കാണിച്ചുതരാമോ? (ശവകുടീരത്തില്‍ നിന്നും ഒരു ചെമ്പുകമ്പി തന്റെ ലൈബ്രറിയിലേക്ക്‌ വലിക്കണമെന്ന് യതി പറഞ്ഞിരുന്നത്‌ മറന്നിട്ടല്ല ഇതെഴുതുന്നത്‌ - ദൈവമൊന്നുമല്ലല്ലോ, വെറും മനുഷ്യനല്ലേ, ഞാനതങ്ങു വിട്ടു)

"എല്ലാ കാര്യത്തിലും ഡിഫി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നു ആരും ചോദിക്കുകയില്ല, ആത്മശുദ്ധിതെളിയിച്ചിട്ടുമതി മറ്റുള്ളവർക്കെതിരെ പടവാളോങ്ങൽ എന്നുമാത്രമാണ് പറയുന്നത്. അതോ അങ്ങനെ ഒന്നില്ലേ?"
അതെനിക്കിഷ്ടമായി രാജ്‌ നീീട്ടിയത്തങ്ങുന്നേ.

ഓരോ മനുഷ്യനും ഓരോ സാദ്ധ്യതയാണ്‌ - കള്ളന്റെയും ക്രൂരന്റെയും സന്യാസിയുടെയും ഫാസിസ്റ്റിന്റെയുമൊക്കെ സാദ്ധ്യത. എല്ലാത്തരം തിന്മയും നന്മയും ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌, അതിലേതാണ്‌ മേല്‍ക്കൈ നേടുന്നതെന്നതാണ്‌ അവനിലെ മനുഷ്യനെ നിര്‍ണ്ണയിക്കുന്നത്‌. തന്റെത്തന്നെ ഉള്ളിലുള്ള തിന്മയുടെ ബാഹ്യമായ മൂര്‍ത്തരൂപത്തെ എതിര്‍ക്കാന്‍ കഴിയുകയും അതുവഴി സ്വയം ശുദ്ധീകരണത്തിന്റെ ഒരു തലത്തിലൂടെ കടന്നുപോകാനും കഴിയുകയെന്നത്‌ ജനാധിപത്യത്തിന്റെ മാത്രം അനന്യസാധ്യതയാണ്‌. തിന്മയുടെ സാദ്ധ്യതകളെല്ലാം തുടച്ചുകളഞ്ഞതിനുശേഷം തിന്‍മക്കെതിരെ സംസാരിച്ചാല്‍ മതിയെന്നാണു പറയുന്നത്‌ ഉദ്ധാരണശേഷിയുള്ളവര്‍ സ്ത്രീപീഡനത്തിനെതിരെ സംസാരിക്കരുതെന്നു പറയുന്നതുപോലെയാണ്‌.


ഡി.വൈ.എഫ്‌.ഐ. എന്നല്ല ഏതു സംഘടനക്കും സമൂഹത്തിന്റെ സമ്മര്‍ദ്ദത്തില്‍നിന്നൊഴിഞ്ഞുനില്‍ക്കാനാവില്ല. സ്വാര്‍ത്ഥത കൊടികുത്തിവാഴുന്ന ഒരു സമൂഹത്തില്‍ ഒരു സംഘടനക്കും നൂറുശതമാനം അതില്‍ നിന്നും വിമുക്തമാകാനാകില്ല. ഏറ്റക്കുറച്ചിലുകളാണ്‌ നമ്മുടെ ലോകത്തില്‍ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത്‌, അബ്സല്യൂട്ട്‌ ആയ ഒരു എന്റിറ്റിയും ഒരു സാമൂഹ്യസാഹചര്യത്തിലും സാദ്ധ്യമല്ലതന്നെ. എന്തായാലും യൂത്തുകോണ്‍ഗ്രസ്സുകാരനെ കാണുമ്പോഴുള്ള ഓക്കാനം ഡി.വൈ.എഫ്‌.ഐ.ക്കാരനെക്കാണുമ്പോള്‍ തോന്നുന്നില്ലല്ലോ അല്ലേ?


പലതരം പരാജയങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുംകൂടിയാണ്‌ അവരിതു ചെയ്യുന്നതെന്ന് ഞാനും സമ്മതിക്കുന്നു, പക്ഷേ എന്തു ചെയ്യുന്നതെന്നതിലും പ്രധാനമാണ്‌ ചെയ്യുന്നതെന്തു ചെയ്യുന്നു എന്നത്‌. കേരളത്തിലെ സമാന്തരഅധികാരകേന്ദ്രങ്ങള്‍ക്കെതിരെ ജനമിളകുന്നതില്‍ അവര്‍ക്ക്‌ പങ്കുവഹിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്രയും നല്ലത്‌. നീതിക്കുവേണ്ടി നിയമത്തെ ലംഘിക്കാനുള്ള സാധ്യത ജനാധിപത്യത്തിന്റെ ശക്തികളിലൊന്നാണ്‌.


ഇനി, എന്തുകൊണ്ടിപ്പോള്‍, ഈ സ്വാമിമാരൊക്കെ ഇത്രയും കാലം ജനത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകായിരുന്നില്ലേ എന്നാണ്‌ ചോദ്യമെങ്കില്‍ - ഏത്‌ പൊളിറ്റിക്കല്‍ ആക്ഷനും ഒരു ട്രിഗറിംഗ്‌ പോയ്ന്റുണ്ട്‌, അല്ലെങ്കില്‍ ഉണ്ടാവണം. കൂപ്പിലെ തൊഴിലാളികള്‍ മരം വണ്ടിയില്‍ കേറ്റുന്നതുകണ്ടിട്ടില്ലേ, ഏലേസാ എന്ന ഒരു വിളിയില്‍ മരം വണ്ടിയിലെത്തും. ആക്ഷന്‍ മാത്രം പോരാ, അതിന്റെ സിങ്ക്രണൈസേഷനും ഒരുപോലെ പ്രധാനപ്പെട്ടതാണ്‌ രാഷ്ട്രീയത്തില്‍. പൊളിറ്റിക്കല്‍ ആക്ഷന്റെ ട്രിഗറിംഗ്‌ ജനാധിപത്യത്തില്‍ സംഘടനകള്‍ക്ക്‌ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നല്ല, ജനത - കുറച്ചുകൂടി കടത്തിപ്പറഞ്ഞാല്‍ ആള്‍ക്കൂട്ടം - അതിനു സജ്ജമാകേണ്ടതുകൂടിയുണ്ട്‌. രാഷ്ട്രീയപരിചയമുള്ള ഏതു സംഘടനയും ആ ടേണിംഗ്‌ പോയന്റിനുമുമ്പ്‌ ആക്ഷന്‍ ട്രിഗര്‍ ചെയ്യില്ല. അഥവാ ചെയ്താല്‍, അത്‌ ഒരു വാക്സിനേഷന്റെ ഫലമായിരിക്കും ഉണ്ടാക്കുക. ആക്ഷന്‍ പരാജയപ്പെടുമെന്നതു മാത്രമല്ല അതിന്റെ അനന്തരഫലം, സമാനമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഇമ്മ്യൂണൈസ്ഡ്‌ ആവുക എന്ന ദുരന്തം അത്‌ സോഷ്യല്‍ സൈക്കില്‍ സൃഷ്ടിക്കും.


നവോദ്ധാനത്തില്‍നിന്നുള്ള തിരിച്ചുപോക്കിന്റെ അനിവാര്യമായ ഫലങ്ങളാണ്‌ കേരളം ഇന്നനുഭവിക്കുന്നത്‌, അതില്‍ ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന(നിയോ ലിബറല്‍) രാഷ്ട്രീയചിന്താഗതിക്ക്‌ അവഗണിക്കാനാവാത്ത പങ്കുണ്ട്‌. "നരകത്തിലെ വെന്തുരുകുന്ന പ്രദേശങ്ങള്‍ ധാര്‍മ്മികപ്രതിസന്ധികളില്‍ നിഷ്പക്ഷതപാലിക്കുന്നവര്‍ക്കായി സംവരണംചെയ്യപ്പെട്ടിരിക്കുന്നു"വെന്ന് ഡാന്റെ