Tuesday, October 6, 2009

വസ്തുതാപരമായ ചില പിശകുകള്‍ !

2001-2002ലാണ് സംഭവം. ഒരാവശ്യത്തിന് കൊയമ്പത്തൂരില് പോയതാണ്. പോയകാര്യം നടന്നതിന്റെ സന്തോഷം ആഘോഷിച്ച് ഞങ്ങള്‍ രണ്ടുപേര്‍ കൊയമ്പത്തൂര് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്ഡിലെത്തി. ബസ് കാത്തിരിക്കുമ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നതിനടുത്ത് നന്നായി വസ്ത്രം ധരിച്ച ഗൌരവപ്രകൃതിയായ വാര്‍ദ്ധക്യത്തോടടുത്ത ഒരാളിരുന്ന് ദ ഹിന്ദു വായിക്കുന്നു. ഞങ്ങള്‍ പരസ്പരം പരിചയപ്പെടുന്നു. മലയാളത്തിലാണ് സംസാരം, ഇടക്ക് അദ്ദേഹത്തിന്റെ സുന്ദരന്‍ ഇംഗ്ളീഷും. സംസാരത്തിനിടക്ക് അദ്ദേഹം ഡെന്നിസ് റിച്ചിയുടെയും കെന്‍ തോംപ്സന്റെയും കൂടെ ബെല്‍ലാബ്സില്‍ ജോലിചെയ്തിരുന്നയാളാണെന്നും യുണീക്സിന്റെ ആദ്യകാലഡിസൈനേഴ്സില് ഒരാളാണെന്നും അറിഞ്ഞപ്പോള്‍ യുണീക്സില്‍ പണിയെടുത്ത് കഞ്ഞികുടിച്ചിരുന്ന ഞങ്ങള്‍ക്ക് വലിയ സന്തോഷവും ബഹുമാനവും. ഇടക്കദ്ദേഹം ചായ കുടിക്കാനായി പുറത്തുപോയി. ഇത്രയും വലിയ മനുഷ്യന്‍ എത്ര ലളിതമായ ജീവിതമാണ് നയിക്കുന്നതെന്ന് ഞങ്ങള്‍ ആശ്ചര്യപ്പെട്ടു.

ചായക്കുശേഷം അദ്ദേഹം തിരിച്ചുവന്ന് ഞങ്ങളുടെ മുന്നില് എളിയില് കൈകുത്തിനിന്ന് അപ്രതീക്ഷിതമായി അലറി

"ചൈനയുടെ പ്രസിഡന്റാണ് ഞാന്‍. ഇന്ത്യയുടെ ചെയര്‍മാന് ഇന്നലെ ഡെഡ്ലൈന്‍ കൊടുത്തിട്ടുണ്ട്, മറ്റന്നാള് കാലത്തേക്ക് സിക്കിം ചൈനയില് ചേര്‍ത്തോളണമെന്ന്. എന്റെ ആര്‍മി അറബിക്കടല്‍ വളഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്റെ കസ്റ്റഡിയിലാണ്. അതിനിടക്ക് കൊയമ്പത്തൂരിലെ ന്യൂക്ളിയര്‍ റിയാക്ടറില് ആറ്റംബോംബുണ്ടാക്കുന്നുണ്ടെന്നറിഞ്ഞ് അതിന്റെ ഫ്യൂസൂരാന്‍ വന്നതാണ്. എന്റെ കൂടെ കൂടുന്നോ?"

ഇത്രയും വിഭ്രമാതമകമായ ഒരു വിവരം കിട്ടിയിട്ടും ഞങ്ങള്‍ പോലീസിനെയോ പട്ടാളത്തെയോ അറിയിച്ചില്ല, കീഴ്പെടുത്താന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു വൃദ്ധനായിരുന്നിട്ടുകൂടി അയാളെ പിടിച്ചുകെട്ടി ഇന്ത്യയാക്രമിക്കാന്‍ വന്ന ചൈനയുടെ പ്രസിഡണ്ടിനെ പിടിച്ചുകെട്ടിയതിന് ധീരതക്കുള്ള പ്രസിഡണ്ടിന്റെ അവാര്‍ഡ് വാങ്ങാനുള്ള സുവര്‍ണ്ണാവസരം ഉപയോഗിച്ചില്ല, രാജ്യത്തെ വലിയൊരു ആക്രമത്തില്‍നിന്നും രക്ഷപ്പെടുത്താനുള്ള സാദ്ധ്യത ഉപയോഗിക്കുകയോ അതിനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്തില്ല, അറ്റ്ലീസ്റ്റ് അയാളുടെ ഒരു ഇന്റര്‍വ്യൂ എടുത്ത് മാധ്യമങ്ങള്‍ക്കുകൊടുത്ത് ഷൈന്‍ ചെയ്തില്ല - എന്തുകൊണ്ട്?

എന്റെയോ സുഹൃത്തിന്റെയോ പേര് സിസി ജേക്കബ് എന്നായിരുന്നില്ല, ഞങ്ങളിലാര്‍ക്കും പണി മാതൃഭൂമി പത്രത്തിലുമായിരുന്നില്ല.

-----------------------------------------------


ഹനാന്‍ ബിന്‍ത് ഹാഷിം എന്ന 'ശാസ്ത്രപ്രതിഭ'യെപ്പറ്റി സിസി ജേക്കബ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഈ പോസ്റ്റിനാധാരം. ലിങ്ക് ഇവിടെയും ഇവിടെയും

ഹനാന്‍ എന്ന ബാല/കൌമാരപ്രതിഭ ശുദ്ധതട്ടിപ്പാണെന്നും അതിലെ തട്ടിപ്പല്ലാത്ത വാര്ത്ത കോഴിക്കോട്ട് ഹനാന്‍ എന്നു പേരുള്ള ഒരു കുട്ടി പത്താംക്ളാസില്‍ പഠിക്കുന്നുണ്ട് എന്ന് മാത്രമാണെന്നും പലയിടത്തും തെളിയിക്കപ്പെട്ടതാണ്. സംശയമുള്ളവര് ഈ ലിങ്കുകള്‍ നോക്കുക.1 2 3 4 ഇനിയും തെളിവുകള്‍ വേണമെങ്കില്‍ ലഭ്യമാക്കാവുന്നതാണ്. ഹനാന്‍ തട്ടിപ്പാണോ എന്ന് പരിശോധിക്കല്‍ ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്നില്ലെങ്കിലും.

കിട്ടിയ വാര്‍ത്ത അപ്പുറത്തെ വീട്ടിലെ പ്ളസ് ടു പയ്യനോടെങ്കിലും ചോദിച്ച് കണ്‍ഫേം ചെയ്യാന് സിസി ജേക്കബിന് തോന്നിയില്ല. ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ മുതല്‍ മാധവന്‍നായരെവരെ കൊച്ചെടുത്ത് അമ്മാനമാടിയിട്ടും സയന്‍സിലെ സിദ്ധാന്തങ്ങള്‍ തിരുത്തുന്നത് പത്രത്തിന്റെ ലോക്കല്‍ ഏജന്റ് ചരമക്കോളത്തിലേക്കയക്കുന്ന വാര്‍ത്ത തിരുത്തുനതുപോലെ എന്തോ പരിപാടിയാണെന്ന് പല പല അവാര്‍ഡുകള്‍ ശേഖരത്തിലുള്ള സിസി ജേക്കബിന് തോന്നിയത് സ്വാഭാവികം‌. നിങ്ങള്‍ക്കൊരു പണിയറിയാമെങ്കില്‍ അത് ചെയ്യാം, ചെയ്യാനറിയില്ലെങ്കില്‍ അത് പഠിപ്പിക്കാം, ഒന്നിനെക്കുറിച്ചും ഒന്നുമറിയില്ലെങ്കില്‍ എല്ലാറ്റിനെക്കുറിച്ചും പത്രത്തിലെഴുതി ജീവിക്കാം. ബൈലൈനുകളില്‍ അഭിരമിക്കാം, അതില്‍ വിരലോടിച്ച് ആത്മരതിയില്‍ മുഴുകാം.

ഈ വാര്‍ത്ത വന്നത് സെപ്റ്റംബര്‍ പതിനാലിന്, ഇരുപത്തിരണ്ട് ദിവസങ്ങള്‍ക്കുമുമ്പ്. അന്നുതന്നെ നൂറുകണക്കിനാളുകള്‍, ശാസ്ത്രപ്രതിഭകളൊന്നുമല്ല അത്യാവശ്യം ഹൈസ്കൂള്‍ ശാസ്ത്രം അറിയാവുന്നരോ ഇന്റര്നെറ്റ് കമ്പി കാണാന്‍ മാത്രം ഉള്ള സാധനമല്ല എന്നറിയാവുന്നരോ ആയ മിക്കവരും, മനസ്സിലാക്കിയിരുന്നു ഇത് ശുദ്ധതട്ടിപ്പാണെന്ന്. പലരും ബ്ളോഗ് പോസ്റ്റായും കമന്റായും ഇ‌മെയിലുകളായുമ് അത് മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. മാതൃഭൂമിയില്‍ത്തന്നെ അറിയേണ്ടവരൊക്കെ അന്നുതന്നെ അറിഞ്ഞിട്ടുണ്ട്, വാര്ത്തയുടെ നിജസ്ഥിതി. എന്നിട്ടും പിറ്റേന്ന് മാതൃഭൂമി വാര്ത്തയുടെ ഫോളോ അപ് കൊടുത്തത് ഹനാന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെന്നുമാണ്. സംഗതി ഈ നിലക്ക് നാറുമെന്ന് ജനങ്ങള്‍ എന്തറിയണം എന്നും എന്ത് ചര്ച്ചചെയ്യണം എന്നും അടുത്തകാലം വരെ നിശ്ചയിച്ചിരുന്നവരില്‍ പ്രമുഖരായ മാതൃഭൂമി സ്വാഭാവികമായും കരുതിക്കാണില്ല. തെളിയാത്ത കള്ളം ഞാനായിട്ടെന്തിന് പൊളിക്കണമെന്ന് ഏതു കള്ളനും തോന്നുന്നത് സ്വാഭാവികം, പോലീസ് പിടിച്ചിടിക്കുമ്പോള്‍ പറഞ്ഞാല്‍പ്പോരേ!

പക്ഷേ സംഗതി മൊത്തത്തില് നാറിയെന്ന് ദിവസങ്ങള്‍ക്കകം മാതൃഭൂമിക്ക് മനസ്സിലായിക്കാണണം. പക്ഷേ അത് സ്വയമങ്ങ് സമ്മതിക്കുന്നതെങ്ങനെ? അങ്ങനെ വാര്ത്ത പ്രസിദ്ധീകരിച്ച് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്കുശേഷം, പശുവും ചത്ത് മോരിലെ പുളിയും പോയപ്പോള്, മാതൃഭൂമിക്കതാ ഒരു കത്തുകിട്ടുന്നു. എഴുതിയത് സാഹിത്യനിരൂപകശ്രീ ശ്രീ വി.സി.ശ്രീജന്‍. വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍ വന്ന ഏതാനും പോയിന്റുകള്‍ അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചുട്ടുണ്ട്. അതിനുതാഴെ പത്രാധിപരുടെ ഒന്നേകാല്‍ വരി കുറിപ്പ് "വസ്തുതാപരമായ ചില പിശകുകള്‍ വാര്‍ത്തയില്‍വന്നതില് ഖേദിക്കുന്നു".

ഒന്നുകില് ശ്രീജന് അയച്ച കത്ത് മാതൃഭൂമിയിലെത്താന് ഇരുപതു ദിവസമെടുത്തു, ശ്രീജന്റെ കത്തു കിട്ടുന്നതുവരെ മാതൃഭൂമി സംഭവമൊട്ട് അറിഞ്ഞിട്ടുമില്ല. അല്ലെങ്കില്‍ ശ്രീജന്‍ രണ്ടാഴ്ചയിലൊരിക്കല്‍ മാത്രം പത്രം വായിക്കുന്നയാളാണ്. പത്രം വായിച്ചയുടന്‍ കത്തെഴുതി, അത് മാതൃഭൂമി പ്രസിദ്ധീകരിച്ചു. രണ്ടായാലും ഇത്തരക്കാര്‍ക്ക് പറ്റിയ പണി പത്രം നടത്തലല്ല, വല്ല ഗോബര്‍ ഗ്യാസ് പ്ളാന്റും നടത്തി ചാണകവാതകം സപ്ളൈ ചെയ്യലാണ്. അതാവുമ്പോള്‍ ഇന്നത്തെ ചാണകവും ഇന്നലത്തെ ചാണകവും ഒരേ ടാങ്കിലാണ് പോവുന്നത്, പഴക്കവും സമയവുമൊന്നും വലിയ വിഷയമല്ല, നിങ്ങളെപ്പോലെത്തന്നെ അകത്തിടുന്നത് ചാണകവും പുറത്തുവരുന്നത് വെറും ഗ്യാസുമാണ്. ചാണകത്തില്‍നിന്നും വരുന്ന ഗ്യാസ് കത്തും എന്ന ഒരു വ്യത്യാസമുണ്ടെന്നുമാത്രം!

എന്താണ് മാതൃഭൂമി ഓണ്‍ലൈനില്‍ വായനക്കാരിട്ടിരുന്ന കമന്റുകളില്‍നിന്നും അവര്‍ക്ക് കിട്ടിയ ഇ-മെയിലുകളില്‍നിന്നും ബ്ളോഗ്‌പോസ്റ്റുകളില്‍നിന്നും അവയില്‍ വന്ന നൂറുകണക്കന് കമന്റുകളില്‍നിന്നും തെറ്റുമനസ്സിലാക്കി ഉടന്‍ തിരുത്തുകൊടുക്കാതെ സാഹിത്യനിരൂപകപ്രതിഭയുടെ ശാത്രലേഖനത്തിനുവേണ്ടി മാതൃഭൂമി പത്തിരുപതുദിവസം കാത്തത്? മാതൃഭൂമിയല്ലേ സാധനം, വിഷയം ശാസ്ത്രമായാലും കൃഷിയായാലും പക്ഷിസംരക്ഷണമായാലും മണല്‍വാരലായാലും അഭിപ്രായം പറയേണ്ടവര്‍ ലിറ്റററി സര്‍ക്കിളിലുള്ളവരായിരിക്കണം. അത് അവരുടെ ചരിത്രപരമായ ബാദ്ധ്യതയാണ്. അപ്പോള്‍ സാഹിത്യനിരൂപകനെന്താ മെച്ചം? ശാസ്ത്രവും സാങ്കേതികവിദ്യയും അടിസ്ഥാനപരമായി അധികാരത്തിനോട് വിധേയത്വം പുലര്‍ത്തുന്നതും അതിന്റെ തൊട്ടടുത്ത് നില്‍ക്കുന്നതുമാണ്. പല മാനുഷികവ്യവഹാരങ്ങളിലൊന്ന് എന്നതിനപ്പുറം ശാസ്ത്രം സാമൂഹികജീവിതത്തില്‍ കയ്യാളുന്ന ഡിസ്‌പ്രൊപ്പോഷനേയ്റ്റായ അപ്രമാദിത്വം അധികാരവുമായുള്ള ഈ പ്രോക്സിമിറ്റി സ്രൃഷ്ടിക്കുന്നതാണ്. വാലും തലയുമില്ലാതെയാണെങ്കിലും തരം കിട്ടുമ്പോള്‍ ശാസ്ത്രം കൈകാര്യം ചെയ്യുന്നത് ആ അധികാരത്തിനെ പാസ്സീവായി പിന്‍പറ്റാനുള്ള ശ്രമമാണ് എന്നും കരുതാവുന്നതാണ്. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് എന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ വിമര്‍ശിക്കുന്നത് എന്റെ സ്വാതന്തൃവുമാണ്.

അപ്പോള്‍ ശ്രീജന് ആരായി? ഒറ്റയടിക്ക് ശാസ്ത്രറിപ്പോര്‍ട്ടുകളെ തിരുത്താന് മാത്രം ശാസ്ത്രജ്ഞാനമുള്ള സാഹിത്യലോകത്തെ അപൂര്‍വ്വപ്രതിഭയായി. മാതൃഭൂമി ആരായി? സാഹിത്യപ്രതിഭയുടെ ശാസ്ത്രസംബന്ധമായ തിരുത്ത് ഓഫീസിലെത്തിയപ്പോഴേക്കും അത് പ്രസിദ്ധീകരിച്ച് പത്രസദാചാരത്തിന് മികച്ച മാതൃക കാട്ടിയ മഹദ്‌പ്രസ്ഥാനമായി. എന്നാല്‍ വാര്ത്ത സൃഷ്ടിച്ച ഇംപാക്ടോ? അതിനൊരു കോട്ടവും തട്ടിയിട്ടുമില്ല. മാതൃഭൂമിക്ക് പറ്റിയത് "വസ്തുതാപരമായ ചില പിശകുകള്" മാത്രമാണ്. ശ്രീജന്റെ കത്തിലുള്ളവയില്‍ ഏതൊക്കെയാണ് 'പിശകുകള്‍' എന്ന് മാതൃഭൂമി പറയുന്നേയില്ല. പശുവിന്റെ കടിയും മാറി കാക്കയുടെ കൊതിയും മാറി. സോ ദ ഡീല്‍ വാസ് മ്യൂച്വലി ബെനഫിഷ്യല്‍ - എ വിന്‍-വിന്‍ സിറ്റ്വേഷന്‍. ജീവശാസ്ത്രവിദ്യാര്ത്ഥികളേ പ്ളീസ് മേയ്ക് നോട് ഓഫ് ഏന്‍ ഐഡിയല് എക്സാംപിള് ഓഫ് സിംബയോട്ടിക് എക്സിസ്റ്റന്സ്! മിടുക്കന്‍മാര്‍, മാപ്പുപറച്ചില്‍പോലും പ്രഹസനമാക്കി മാറ്റുന്നവര്‍, വെറും മിടുക്കന്‍മാരല്ല - തിണ്ണമിടുക്കന്‍മാര്‍! നാടകം കണ്ടാല് കുറച്ചൊക്കെ ഞങ്ങള്‍ക്കും മനസ്സിലാവും സാറമ്മാരേ...

പപ്പൂസിന്റെ പോസ്റ്റില് അദ്ദേഹം സൂചിപ്പിച്ചപോലെ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏതിനും കടുത്ത മത്സരമുള്ള കേരളം പോലൊരു സമൂഹത്തില്‍ ഇത്തരമൊരു വാര്‍ത്തയുടെ ഇംപാക്റ്റെന്താണെന്ന് മാതൃഭൂമിയില്‍ ആരെങ്കിലും ആലോചിച്ചോ? ഹനാന്‍ വാര്‍ത്ത, ഹനാനല്ല, സൃഷ്ടിക്കുന്ന റെഫറന്‍സ് ഫ്രെയ്‌മ് കേരളത്തിലെ ഒരു മിടുക്കനായ ശാസ്ത്രവിദ്യാര്‍ത്ഥിക്കുണ്ടാക്കുന്ന നിരാശ എത്രമാത്രമെന്ന് വല്ല പിടിയുമുണ്ടോ? ഇല്ലെന്നുവേണം കരുതാന്‍. തെറ്റായ ഒരു വാര്‍ത്ത തടിയൂരാന്‍ വേണ്ടി തിരുത്തുന്നതിനപ്പുറം ആ വാര്‍ത്തയുണ്ടാക്കിയ ഇംപാക്റ്റിനെ നള്ളിഫൈ ചെയ്യാനുള്ള ശ്രമം ഉത്തരവാദിത്വമുള്ള ഒരു മാധ്യമസ്ഥാപനത്തിനുണ്ടാവേണ്ടതാണ്. തുറന്നുപറയുന്നതില്‍ വിഷമം തോന്നരുത്, ഇമ്മാതിരി അച്ചിമാരും അണ്ണന്‍മാരും കാണിക്കുന്നത് കൂട്ടിക്കൊടുപ്പിനേക്കാളും നാറിയ പണിയാണ്. "സര്‍ മെഡിക്കല്‍ കോളേയ്ജില്‍ ഹൌസ് സര്‍ജനാണ് , പിജി എന്‍ട്രന്സിനു പഠിക്കുകയാണ് "എന്നു പറഞ്ഞ് കൂട്ടിക്കൊടുക്കുന്ന പിംപ് ഒരാളെയേ ഒരുസമയത്ത് ചതിക്കുന്നുള്ളൂ, ഇല്ലാത്ത ശാസ്ത്രപ്രതിഭയെ ഇല്ലാത്ത റെഫറന്‍സുകള്‍ വച്ചെഴുതി പത്രത്തില്‍ കൊടുത്ത് നിങ്ങള്‍ ചതിക്കുന്നത് ഒരു വലിയ സമൂഹത്തെയാണ്.

ഞങ്ങള്‍ക്കൊക്കെ കക്കൂസില്‍ പോകാനെങ്കിലും പത്രം വേണം. ജീവിതത്തില്‍നിന്നും മൊത്തമായി പത്രം ഒഴിവാക്കാന്‍ ശീലം സമ്മതിക്കില്ല. പക്ഷേ എട്ടാം ക്ളാസിലെ കണക്ക് ഹോംവര്‍ക്ക് 'സി'യില്‍ പ്രോഗ്രാമെഴുതി സോള്‍വ് ചെയ്യുന്ന ഇപ്പോഴത്തെ ഗവണ്‍മെന്റ് സ്കൂള്‍ മിടുക്കികള്‍ക്കും മിടുക്കന്‍മാര്ക്കും അതുപോലും വേണ്ടിവരില്ല സമീപഭാവിയില്‍ . അക്കാലത്ത് സിസി ജേക്കബുമാര്‍ക്ക് പിഴച്ചുപോകണമെങ്കില്‍ ഇപ്പഴേ ആഞ്ഞുപിടി. ബുദ്ധിജീവി-മാധ്യമപ്രതിഭ വേഷംകെട്ടൊക്കെ കയ്യില്‍ത്തന്നെ വച്ചേക്കണം.

ജനങ്ങളോട് പറയാനുള്ളത് പറയാന്‍ നിങ്ങളുടെ ഇടനില തീര്ത്തും അപ്രസക്തമാകുന്ന കാലം അത്ര വിദൂരമൊന്നുമല്ല.