Thursday, May 29, 2008

ഉണ്ടിരിക്കുമ്പോളുണ്ടാകുന്ന ജനാധിപത്യബോധം

ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റിനോട്‌ എനിക്കുപറയാനുള്ളത്‌ എഴുതിവന്നപ്പോള്‍ നീണ്ടുപോയതിനാല്‍ ഇവിടെ. പെട്ടെന്നെഴുതിയ പ്രതികരണം മാത്രമാണിത്‌, ആദിമധ്യാന്തപ്പൊരുത്തമൊന്നും കണ്ടേക്കില്ല.

അപ്പോ ഉപ്പുസത്യാഗ്രഹം മുതല്‍ മിച്ചഭൂമിസമരം വരെ പൂര്‍ണ്ണമായും നിയമവിധേയമായിരുന്നു അല്ലിയോ ഇഞ്ചിപ്പെണ്ണേ? ഫ്രഞ്ച്‌ റെവല്യൂഷന്‍ മുതല്‍ മുത്തങ്ങസമരം വരെ അതാതു നാട്ടിലെ എല്ലാ നിയമങ്ങളും അനുസരിച്ചല്ലായിരുന്നോ നടന്നത്‌. ഗുജറാത്തില്‍ നടന്നത്‌ വര്‍ഗ്ഗീയകലാപമോ വംശഹത്യയോ അല്ലെന്നും അതിന്റെ പേര്‌ സമരം എന്നായിരുന്നെന്നും ഇപ്പഴല്ലിയോ അറിഞ്ഞത്‌.എന്താ ഈ കള്ളസന്യാസിയും ഒറിജനല്‍ സന്യാസിയും തമ്മിലുള്ള വ്യത്യാസം? ബലാല്‍തംഗം കയ്യോടെ പിടിക്കപ്പെട്ടവന്‍ കള്ളസ്വാമിയും ഭാഗ്യംകൊണ്ടോ ക്രിമിനല്‍ ബുദ്ധിയുടെ ആധിക്യം കൊണ്ടോ പിടിക്കപ്പെടാതെ പോകുന്നവന്‍ ഒറിജനല്‍ സ്വാമിയും എന്നാണോ?

ഒരെലിയുടെ രോമം ആത്മീയശക്തികൊണ്ട്‌ ഒരു ഡിഗ്രി തിരിക്കാമെന്നെങ്കിലും അവകാശപ്പെടുന്ന ഏതവനും കള്ളസ്വാമിയാണ്‌. ജനറലൈസുചെയ്തു പറഞ്ഞാല്‍ ഭൗതികമായ എന്തെങ്കിലും മാറ്റം യുക്തിക്കു നിരക്കാത്തതോ ശാസ്ത്രീയമായി തെളിയിക്കപ്പെടാന്‍ സാധ്യതയില്ലാത്തതോ ആയ മാര്‍ഗ്ഗത്തിലൂടെ നടത്തിയെടുക്കാമെന്ന് അവകാശപ്പെടുന്നവരല്ലാം കള്ളസ്വാമിമാരാണ്‌. ആ അര്‍ത്ഥത്തില്‍ നിത്യചൈതന്യയതിക്കുശേഷം ഏതങ്കിലും ഒരു സന്യാസിയെ കേരളത്തില്‍ കാണിച്ചുതരാമോ? (ശവകുടീരത്തില്‍ നിന്നും ഒരു ചെമ്പുകമ്പി തന്റെ ലൈബ്രറിയിലേക്ക്‌ വലിക്കണമെന്ന് യതി പറഞ്ഞിരുന്നത്‌ മറന്നിട്ടല്ല ഇതെഴുതുന്നത്‌ - ദൈവമൊന്നുമല്ലല്ലോ, വെറും മനുഷ്യനല്ലേ, ഞാനതങ്ങു വിട്ടു)

"എല്ലാ കാര്യത്തിലും ഡിഫി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നു ആരും ചോദിക്കുകയില്ല, ആത്മശുദ്ധിതെളിയിച്ചിട്ടുമതി മറ്റുള്ളവർക്കെതിരെ പടവാളോങ്ങൽ എന്നുമാത്രമാണ് പറയുന്നത്. അതോ അങ്ങനെ ഒന്നില്ലേ?"
അതെനിക്കിഷ്ടമായി രാജ്‌ നീീട്ടിയത്തങ്ങുന്നേ.

ഓരോ മനുഷ്യനും ഓരോ സാദ്ധ്യതയാണ്‌ - കള്ളന്റെയും ക്രൂരന്റെയും സന്യാസിയുടെയും ഫാസിസ്റ്റിന്റെയുമൊക്കെ സാദ്ധ്യത. എല്ലാത്തരം തിന്മയും നന്മയും ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌, അതിലേതാണ്‌ മേല്‍ക്കൈ നേടുന്നതെന്നതാണ്‌ അവനിലെ മനുഷ്യനെ നിര്‍ണ്ണയിക്കുന്നത്‌. തന്റെത്തന്നെ ഉള്ളിലുള്ള തിന്മയുടെ ബാഹ്യമായ മൂര്‍ത്തരൂപത്തെ എതിര്‍ക്കാന്‍ കഴിയുകയും അതുവഴി സ്വയം ശുദ്ധീകരണത്തിന്റെ ഒരു തലത്തിലൂടെ കടന്നുപോകാനും കഴിയുകയെന്നത്‌ ജനാധിപത്യത്തിന്റെ മാത്രം അനന്യസാധ്യതയാണ്‌. തിന്മയുടെ സാദ്ധ്യതകളെല്ലാം തുടച്ചുകളഞ്ഞതിനുശേഷം തിന്‍മക്കെതിരെ സംസാരിച്ചാല്‍ മതിയെന്നാണു പറയുന്നത്‌ ഉദ്ധാരണശേഷിയുള്ളവര്‍ സ്ത്രീപീഡനത്തിനെതിരെ സംസാരിക്കരുതെന്നു പറയുന്നതുപോലെയാണ്‌.


ഡി.വൈ.എഫ്‌.ഐ. എന്നല്ല ഏതു സംഘടനക്കും സമൂഹത്തിന്റെ സമ്മര്‍ദ്ദത്തില്‍നിന്നൊഴിഞ്ഞുനില്‍ക്കാനാവില്ല. സ്വാര്‍ത്ഥത കൊടികുത്തിവാഴുന്ന ഒരു സമൂഹത്തില്‍ ഒരു സംഘടനക്കും നൂറുശതമാനം അതില്‍ നിന്നും വിമുക്തമാകാനാകില്ല. ഏറ്റക്കുറച്ചിലുകളാണ്‌ നമ്മുടെ ലോകത്തില്‍ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത്‌, അബ്സല്യൂട്ട്‌ ആയ ഒരു എന്റിറ്റിയും ഒരു സാമൂഹ്യസാഹചര്യത്തിലും സാദ്ധ്യമല്ലതന്നെ. എന്തായാലും യൂത്തുകോണ്‍ഗ്രസ്സുകാരനെ കാണുമ്പോഴുള്ള ഓക്കാനം ഡി.വൈ.എഫ്‌.ഐ.ക്കാരനെക്കാണുമ്പോള്‍ തോന്നുന്നില്ലല്ലോ അല്ലേ?


പലതരം പരാജയങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുംകൂടിയാണ്‌ അവരിതു ചെയ്യുന്നതെന്ന് ഞാനും സമ്മതിക്കുന്നു, പക്ഷേ എന്തു ചെയ്യുന്നതെന്നതിലും പ്രധാനമാണ്‌ ചെയ്യുന്നതെന്തു ചെയ്യുന്നു എന്നത്‌. കേരളത്തിലെ സമാന്തരഅധികാരകേന്ദ്രങ്ങള്‍ക്കെതിരെ ജനമിളകുന്നതില്‍ അവര്‍ക്ക്‌ പങ്കുവഹിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്രയും നല്ലത്‌. നീതിക്കുവേണ്ടി നിയമത്തെ ലംഘിക്കാനുള്ള സാധ്യത ജനാധിപത്യത്തിന്റെ ശക്തികളിലൊന്നാണ്‌.


ഇനി, എന്തുകൊണ്ടിപ്പോള്‍, ഈ സ്വാമിമാരൊക്കെ ഇത്രയും കാലം ജനത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകായിരുന്നില്ലേ എന്നാണ്‌ ചോദ്യമെങ്കില്‍ - ഏത്‌ പൊളിറ്റിക്കല്‍ ആക്ഷനും ഒരു ട്രിഗറിംഗ്‌ പോയ്ന്റുണ്ട്‌, അല്ലെങ്കില്‍ ഉണ്ടാവണം. കൂപ്പിലെ തൊഴിലാളികള്‍ മരം വണ്ടിയില്‍ കേറ്റുന്നതുകണ്ടിട്ടില്ലേ, ഏലേസാ എന്ന ഒരു വിളിയില്‍ മരം വണ്ടിയിലെത്തും. ആക്ഷന്‍ മാത്രം പോരാ, അതിന്റെ സിങ്ക്രണൈസേഷനും ഒരുപോലെ പ്രധാനപ്പെട്ടതാണ്‌ രാഷ്ട്രീയത്തില്‍. പൊളിറ്റിക്കല്‍ ആക്ഷന്റെ ട്രിഗറിംഗ്‌ ജനാധിപത്യത്തില്‍ സംഘടനകള്‍ക്ക്‌ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നല്ല, ജനത - കുറച്ചുകൂടി കടത്തിപ്പറഞ്ഞാല്‍ ആള്‍ക്കൂട്ടം - അതിനു സജ്ജമാകേണ്ടതുകൂടിയുണ്ട്‌. രാഷ്ട്രീയപരിചയമുള്ള ഏതു സംഘടനയും ആ ടേണിംഗ്‌ പോയന്റിനുമുമ്പ്‌ ആക്ഷന്‍ ട്രിഗര്‍ ചെയ്യില്ല. അഥവാ ചെയ്താല്‍, അത്‌ ഒരു വാക്സിനേഷന്റെ ഫലമായിരിക്കും ഉണ്ടാക്കുക. ആക്ഷന്‍ പരാജയപ്പെടുമെന്നതു മാത്രമല്ല അതിന്റെ അനന്തരഫലം, സമാനമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഇമ്മ്യൂണൈസ്ഡ്‌ ആവുക എന്ന ദുരന്തം അത്‌ സോഷ്യല്‍ സൈക്കില്‍ സൃഷ്ടിക്കും.


നവോദ്ധാനത്തില്‍നിന്നുള്ള തിരിച്ചുപോക്കിന്റെ അനിവാര്യമായ ഫലങ്ങളാണ്‌ കേരളം ഇന്നനുഭവിക്കുന്നത്‌, അതില്‍ ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന(നിയോ ലിബറല്‍) രാഷ്ട്രീയചിന്താഗതിക്ക്‌ അവഗണിക്കാനാവാത്ത പങ്കുണ്ട്‌. "നരകത്തിലെ വെന്തുരുകുന്ന പ്രദേശങ്ങള്‍ ധാര്‍മ്മികപ്രതിസന്ധികളില്‍ നിഷ്പക്ഷതപാലിക്കുന്നവര്‍ക്കായി സംവരണംചെയ്യപ്പെട്ടിരിക്കുന്നു"വെന്ന് ഡാന്റെ

13 comments:

രാജ് said...

പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ രാഷ്ട്രീയമായി ശരിയാണ്. Hit while the iron is hot എന്നതിനെ ഇത്ര കഷ്ടപ്പെട്ട് സിദ്ധാന്തീകരിക്കുകയൊന്നും വേണ്ട, ഡിഫിയല്ല എല്ലാ രാഷ്ട്രീയകക്ഷികളും ഇത്രകാലവും ചെയ്തുകൊണ്ടിരുന്നത് ഇതൊക്കെ തന്നെയാണ്. ഡിഫി ചെയ്തതിൽ ഒരു തെറ്റുമില്ല, പൊതുജനസമക്ഷം എന്തെങ്കിലും ചെയ്യൂമ്പോൾ മിനിമം അതേ തിന്മയിൽ തങ്ങളിലാരും പങ്കുപറ്റുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതിനു കഴിയാതെ വായിട്ടലയ്ക്കുന്നത് രാഷ്ട്രീയാപചയമാണ്. ഒരു ചെറിയ ഭൂരിപക്ഷത്തിനെയെങ്കിലും സുധാകരൻ, പന്യൻ സ്വാമിബന്ധങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കിൽ അതിനെതിരെ ഡിഫിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഡിഫി ചെയ്തതു വെറും ഗിമ്മിക്ക് ആയി തരംതാഴ്ത്തപ്പെടും, അതിന്റെ സോ കാൾഡ് ജനാ‍ധിപത്യബോധം തൃണവൽക്കരിക്കപ്പെടും (ആളുകൾ പുല്ലുവില കൊടുക്കുമെന്ന്)

പിന്നെ ചന്ത്രക്കാരന്റെ തോന്നൽ, ഉദ്ധാരണശേഷി എന്നുള്ളത് തിന്മയാണെന്നും സ്ത്രീപീഡനത്തിന്റെ മൂലകാരണമെന്നും കൊടികുത്തിയ ഫെമിനിസ്റ്റുകൾ പോലും പറയുകയില്ല. നായനാരും ഇപ്പോൾ ചന്ത്രക്കാരനും പറയും. പെണ്ണുള്ളയിടത്തെല്ലാം പീഡനമുണ്ടാവുമെന്നും, കമ്യൂണിസം ഫിഫ്ത് റിലീജിയൻ എന്ന് ആരോപിച്ച അരുന്ധതിയെ ‘ബുക്ക് ഹേർ’ എന്നും വളിപ്പടിക്കാൻ മാത്രം അറിഞ്ഞിരുന്ന സഖാവല്ലയോ. പിൻ‌തുടർച്ചക്കാരായ കുട്ടിസഖാക്കളും എങ്ങനെ മാറാൻ?

Promod P P said...

സ്ത്രീപീഡനത്തെ കുറിച്ചാണോ ഈ പോസ്റ്റ്?

എനിക്ക് വായിച്ചിട്ട് അങ്ങനെ തോന്നിയില്ല..

ചന്ദ്രക്കാറന്‍ കുട്ടി സഖാവാണെന്നത് പുതിയ അറിവാണ്. സി പി എം കാര്‍ കേള്‍ക്കേണ്ട..

രാജ് said...

സ്ത്രീപീഡനത്തെ കുറിച്ചാണോ കമന്റ്? എഴുതുമ്പോൾ എനിക്കും അങ്ങനെ തോന്നിയില്ല :-)

Promod P P said...

ഓ അതു ശരി

അപ്പോള്‍ എഴുതി വന്നപ്പോള്‍ അവസാനം അങ്ങനെ ആയി പോയതാകും

ചന്ത്രക്കാറന്‍ said...

സ്ത്രീപീഡനത്തിന്റെ മൂലകാരണം എന്തെങ്കിലും ശേഷിയാണെന്ന് ഞാന്‍ പറഞ്ഞോ രാജ്‌ നീട്ടിയത്തേ? ഞാന്‍ താങ്കളെപ്പോലെ ഒരു കൊടികുത്തിയ ഫെമിനിസ്റ്റല്ലെങ്കിലും നായനാര്‍ എന്ന മാടമ്പിയുടെ പേരുകൂട്ടി സഭയില്‍പ്പറയരുത്‌, എന്റെ ആത്മാവുപോലും പൊറുക്കില്ല.

ആരാ ഈ കുട്ടിസഖാവ്‌? ഞാനോ? കൊള്ളാം, ഇപ്പഴും രാമന്‍ സീതക്ക്‌ എപ്പടിതന്നാണല്ലേ? തലക്കടികിട്ടുമ്പോള്‍ ബോധം വരുന്നത്‌ മുകേഷിന്റെ സിനിമയില്‍ മാത്രമാണെന്ന് ഞാനങ്ങു മറന്നുപോയി

"പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ രാഷ്ട്രീയമായി ശരിയാണ്."

ഹാവൂ, സമാധാനമായി. എനിക്കങ്ങനെ രാജ്‌ നീട്ടിയത്തിന്റെ പാസ്‌ മാര്‍ക്ക്‌ കിട്ടി. ഇനിയും പ്രോത്സാഹിപ്പിക്കണേ, പ്ലീസ്‌. എനിക്കെസ്സമ്മസ്സയക്കേണ്ട ഫോര്‍മാറ്റ്‌...

രാജ് said...

[തിന്മയുടെ സാദ്ധ്യതകളെല്ലാം തുടച്ചുകളഞ്ഞതിനുശേഷം തിന്‍മക്കെതിരെ സംസാരിച്ചാല്‍ മതിയെന്നാണെങ്കില്‍ ഉദ്ധാരണശേഷിയുള്ള ആരും ഇനി സ്ത്രീപീഡനത്തിനെതിരെ സംസാരിച്ചുപോകരുത്‌]

ഉദ്ധാരണശേഷി തിന്മയുടെ സാധ്യതയാണെന്ന ചന്ത്രക്കാരന്റെ കണ്ടെത്തലിനെ കുറിച്ചായിരുന്നു കമന്റിന്റെ രണ്ടാമത്തെ ഭാഗം. പെണ്ണുള്ളയിടത്തെല്ലാം പീഡനമുണ്ടാകുമെന്ന് പറഞ്ഞ സഖാവ് ഏറെക്കുറെ ഇതു തന്നെയാണ് പറഞ്ഞത്. ഉദ്ധാരണശേഷിയുടെ (തിന്മയുടെ) സാധ്യതകൾ ഒക്കെ തുടച്ചുനീക്കണം സ്ത്രീപീഡനം മാറണമെങ്കിൽ സ്ത്രീപീഡനത്തിന്റെ മൂലകാരണമാണ്‌ ഉദ്ധാരണശേഷിയെന്നു പറയുന്നതു പോലെയാണ് .

ആക്ച്വലി സഖാവിനു നരകം, ആത്മാവ് എന്നീ പദങ്ങളിലൊക്കെ എപ്പൊ വിശ്വാസം വന്നു?

Ziya said...

ഈ പെരിങ്ങൊടന്‍ ചേട്ടന്റെ കാര്യം വല്യ കൌതുകം തന്നെ.
എഴുതുമ്പോള്‍ ഒരര്‍ത്ഥം. വായിക്കുമ്പൊള്‍ വേറെ അര്‍ത്ഥം. കമന്റുമ്പോള്‍ ഇനിയും വേറൊരു അര്‍ത്ഥതലം. ചിലപ്പോ അര്‍ത്ഥമൊന്നും കിട്ടീല്ലെന്നും വരും. എന്നാലെന്താ എക്ചേഞ്ച് സൌകര്യമുണ്ടല്ലോ അര്‍ത്ഥമില്ലാത്തവ മാറിയെടുക്കാന്‍ :)
അപ്പോ ഈ സ്ത്രീപീഡനം എക്സ്ചേഞ്ച് ചെയ്യുന്നോ ചന്ത്രക്കാരന്‍ ചേട്ടാ...:)

Anonymous said...

സുദര്‍ശനന്‍ ചേട്ടന്റെ പാദരേണുക്കള്‍ തലയില്‍ ചൂടി ധന്യനായ ചേട്ടായിക്ക് ബാക്കി ഉള്ളവരെല്ലാം സഖാക്കളായില്ലെങ്കിലല്ലെ അദ്ഭുദപ്പെടേണ്ടതൊള്ളു

Unknown said...

വളരെ വസ്തുനിഷ്ടമായ നിരീക്ഷണമാണ് ചന്ത്രക്കാറന്‍ കാച്ചിക്കുറുക്കി ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് . ഭൌതികേതരമായ എന്തെങ്കിലും കഴിവുകള്‍ അതെത്ര നിസ്സാരമായാലും തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന ഏത് സ്വാമിയും സന്ന്യാസിയും കള്ളനോ ജനവഞ്ചകനോ ആണ് . ഇത് ഹിന്ദു സമുദായത്തിന് മാത്രമല്ല ഏത് മതത്തിനും സമുദായത്തിനും ബാധകമാണ് . ഇത്തരം അത്ഭുത സിദ്ധികളില്‍ ബഹുഭൂരിപക്ഷം വിശ്വാസികളും വിശ്വസിക്കുന്നു എന്നത് മനുഷ്യന്റെ ബുദ്ധിപരമായ പരിണാമത്തില്‍ സംഭവിച്ച പിശകുകളാണ് .

ഡി.വൈ.എഫ്.ഐ നടത്താറുള്ള പ്രവര്‍ത്തനങ്ങളില്‍ അവരോട് എനിക്ക് പലപ്പോഴും യോജിപ്പ് തോന്നാറില്ല . എന്നാല്‍ ഇപ്പോള്‍ ഈ ആത്മീയത്തട്ടിപ്പിനെതിരെ അവര്‍ നടത്തുന്ന സമരങ്ങളെ ഭാവിയില്‍ കേരളത്തില്‍ നടന്നേക്കാവുന്ന നവോത്ഥാന പ്രസ്ഥാനത്തിനൊരു മുന്നോടിയായിരിക്കുമെന്ന് ഞാന്‍ ന്യായമായും പ്രതീക്ഷിക്കുന്നു . ഏതൊരു സാമൂഹ്യമാറ്റത്തിനും ആത്മനിഷ്ടവും വസ്തുനിഷ്ടവുമായ സാഹചര്യങ്ങള്‍ പക്വമാവേണ്ടതുണ്ട് എന്ന നിയമവും ചന്ത്രക്കാരന്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു . ആത്മീയതയില്‍ വ്യാജനെന്നും ഒറിജിനലെന്നും ഭേദമില്ല എന്നും വൃത്തിയായി പറഞ്ഞുവെച്ചതിന് അഭിനന്ദനങ്ങള്‍ !!

ചന്ത്രക്കാറന്‍ said...

രാജ്‌ നീട്ടിയത്തേ, തിന്മയുടെ സാദ്ധ്യതകളോ അംശങ്ങളോ ഉള്ള ഒരാളോ സംഘടനയോ അതിനെതിരെ സംസാരിക്കരുതെന്നു പറയുന്നത്‌ ഉദ്ധാരണശേഷിയുള്ള ഒരാള്‍ ബലാത്സംഗം ചെയ്യും, അതുകൊണ്ട്‌ അവന്‌ സ്ത്രീപീഡനത്തെപ്പറ്റി പറയാനുള്ള അര്‍ഹതയില്ല എന്നു പറയുന്നപോലെയേ ഉള്ളൂ എന്ന്‌. അങ്ങനെ പറയുന്നതിന്‌ അനാലജി എന്നു പറയും. ഇനിയും വിശദീകരിക്കണമെങ്കില്‍ ഒരു റിലേഷണല്‍ ഡയഗ്രം വരച്ച്‌ പറഞ്ഞുതരാം. അതും പോരെങ്കില്‍ വഴിക്കണക്ക്‌ ചെയ്യുന്നപോലെയും പറയാന്‍ വിരോധമില്ല. സത്യത്തില്‍ ഉറങ്ങുകയായിരുന്നെങ്കില്‍ ഉണരാന്‍ അത്രയും മതി. (ഛെ, "കഷ്ടപ്പെട്ടു സിദ്ധാന്തീകരിക്കുകയൊന്നും വേണ്ടെ"ന്ന നിര്‍ദ്ദേശം കണ്ടപ്പോള്‍ എല്ലാം മനസ്സിലായിക്കണുമെന്നല്ലേ ഞാന്‍ കരുതിയത്‌!)

എന്തായാലും ഇനി വരുന്നവരര്‍ക്കുവേണ്ടി അതു മാറ്റിയെഴുതിയിട്ടുണ്ട്‌.

"ആക്ച്വലി സഖാവിനു നരകം, ആത്മാവ് എന്നീ പദങ്ങളിലൊക്കെ എപ്പൊ വിശ്വാസം വന്നു?"

ഇത്രേം അരസികനാണോ?

പിന്നെ സ്ത്രീയും പീഡനവുമൊന്നുമായിരുന്നില്ല വിഷയം, സ്ത്രീ മാത്രം വിഷയമായിക്കൊള്ളണമെന്ന് എനിക്കൊട്ടു നിര്‍ബന്ധവുമില്ല.

May 29, 2008 7:04 PM

Anonymous said...

ചന്ത്രക്കാരന്റെ അവസാന കമന്റാണ് പോസ്റ്റിനെക്കളും മെച്ചം.

ചിലര്‍ ഫെമിനിസവിഷയ സൌഹൃദത്തിന്റെ ഉറക്കത്തില്‍ അറിയാതെ നടത്തുന്ന ചില ‘തട്ടലുകള്‍‘ അഥവാ ‘ചൂണ്ടയിടലുകള്‍’ തിരിച്ചറിയുന്ന സ്ത്രീ ബ്ലോഗഏര്‍സ് പരസ്പരം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. രസകരമാണ് ആ തിരിച്ചറിയല്‍ വര്‍ത്തമാനം. അത് വേറൊരു അവസരത്തില്‍ പറയാം. അന്നു പലരും വന്നു കൂടുതലായി പറയും. അനുഭവമുള്ള പലരും വന്നു പറഞ്ഞ് ഇവിടെ ചില ആണ്‍ വിഗ്രഹങ്ങളെ തകര്‍ത്തിട്ടുണ്ട്. പിന്നെയല്ലെ ആണത്വത്തിന്റെ പേരിലെ ചില ആണും പെണ്ണും കെട്ട ചില നിഴലുകള്‍.

ചന്ദ്രക്കാറാ വിഷയം വിട്ടു സംസാരിച്ചതില്‍ മാപ്പ്.
ഇങ്ങനെ ഒരു വിഷയം മാറല്‍ അത്യാവശ്യമാണ്. ചില വര്‍ത്തമാനങ്ങള്‍ പുറം ലോകം കാണുമ്പോള്‍ ഇതും എടുത്തുവച്ചു ചേര്‍ത്തുവായിക്കാം.

മൂര്‍ത്തി said...

ഏറ്റക്കുറച്ചിലുകളാണ്‌ നമ്മുടെ ലോകത്തില്‍ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത്‌.

ഈ വ്യത്യാസത്തെയല്ലേ നാം അതാതിന്റെ രാഷ്ട്രീയം എന്ന് വിളിക്കുന്നത്? അത് തിരിച്ചറിയുക എന്നതല്ലേ ശരിയായ രാഷ്ട്രീയബോധം..

നല്ല നിരീക്ഷണങ്ങള്‍..

Suraj said...

പ്രിയ ചന്ത്രക്കാറന്‍,
വളരെ വൈകിയാണ് ഇവിടെ വന്നത്.
ഇതും ഇതിനു പ്രേരകമായ ലേഖനവും വായിച്ചു.

ഏതായാലും ആത്മീയത്തട്ടിപ്പിനെതിരേയുള്ള ജനരോഷത്തെ ഗുജറാത്തിലെ സ്റ്റേറ്റ് സ്പോണ്‍സേഡ് വര്‍ഗ്ഗീയ‘ലഹള’യുമായി ഇക്വേറ്റു ചെയ്ത ഇഞ്ചിയുടെ ചരിത്രബോധത്തിനു ഒരു സല്യൂട്ട് !

രാജ് നീട്ടിയത്തിന്റെ ഈ വാദം : “..പൊതുജനസമക്ഷം എന്തെങ്കിലും ചെയ്യൂമ്പോൾ മിനിമം അതേ തിന്മയിൽ തങ്ങളിലാരും പങ്കുപറ്റുന്നില്ലെന്ന് ഉറപ്പുവരുത്തണം.അതിനു കഴിയാതെ വായിട്ടലയ്ക്കുന്നത് രാഷ്ട്രീയാപചയമാണ്..”
നമ്മളുള്‍പ്പെടുന്ന മനോരമിക്കല്‍/മാതൃഭൂമൈസ്ഡ് മലയാളി മധ്യവര്‍ഗ്ഗത്തിന് ഈയിടെ മൂത്തുകൊണ്ടിരിക്കുന്ന ആദര്‍ശമൂലക്കുരുവിന്റെ ഒരു ഇടക്കാല ബ്ലീഡിംഗാണ് - അതായത്, എന്റെ പി.സിയിലോടുന്നത് വിന്‍ഡോസ് എക്സ് പിയുടെ കിണ്ണന്‍ പൈറേറ്റഡ് വേര്‍ഷന്‍; എന്റെ സിസ്റ്റം ഏതാണ്ട് മുഴോനും അസംബിള്‍ഡ് തരികിട; പ്ലേയറില്‍ ഓടുന്നത് വ്യാജ സീഡി; കാറിലെ LPG സിലിന്‍ഡര്‍ ഗാര്‍ഹികോപയോഗത്തിനു സബ്സിഡിയില്‍ കിട്ടുന്നതു ചോര്‍ത്തി നിറച്ചത്; കഴിഞ്ഞയാഴ്ച മോള്‍ടെ പേരില്‍ റെജിസ്റ്റര്‍ ചെയ്ത സ്ഥലത്തിനു ടാക്സ് മുക്കാന്‍ പ്രമാണത്തില്‍ കാണിച്ച തുക ഒറിജിനലിന്റെ മൂന്നിലൊന്ന്... എങ്കിലും എങ്കിലും... ഞാന്‍ കോപ്പീറൈറ്റ് നിയമങ്ങളെക്കുറിച്ച് 24X7 വാചാ‍ലനാണ്, എങ്കിലും ഞാന്‍ നാട് വികസിക്കാത്തതില്‍ അമര്‍ഷമുള്ളവനാണ്, എങ്കിലും ഞാന്‍ പെട്രോളീനു വില കേറുമ്പോള്‍ തലയില്‍ കൈവച്ച് മുരളി ദേവ്രയെ പ്രാകും, എങ്കിലും ഞാന്‍ മന്ത്രി കാണിക്കുന്ന അഴിമതിയില്‍ രോഷം കൊള്ളുന്നവനാണ്.....

എന്തു രാഷ്ട്രീയാപചയമായാലും എന്തു സംഘടനാ ഗതികേടായാലും ഒരു പറ്റം ഫ്രാഡുകളെ വലിച്ചു പുറത്തിടാന്‍ ഈ ‘തിളച്ചു തൂവലിനു’ സാധിച്ചല്ലോ - അതു തന്നെ വലിയ കാര്യം. കാവിയുടുത്ത ആസാമിയേയും ഫുള്‍ സ്ലീവ് ബട്ടണിട്ട് ബൈബിളും മുറുക്കി വരുന്ന പാസ്റ്ററെയും കുറച്ചു കാലത്തേയ്ക്കെങ്കില്‍ കുറച്ചു കാലത്തേയ്ക്ക് പുച്ഛത്തോടെ ജനം നോക്കട്ടെ... വല്ലപ്പോഴുമൊരു enema നല്ലതാണ് സമൂഹത്തിന്, പ്രത്യേകിച്ച് ആദര്‍ശമൂലക്കുരു മൂത്ത് മൂത്ത് തന്തയെ വൃദ്ധസദനത്തിലാക്കിയിട്ട് ‘അമ്മച്ചിയെ’ കെട്ടിപ്പിടിക്കാന്‍ കൊല്ലത്തോട്ട് വണ്ടികയറുന്ന സമൂ‍ഹത്തിന്.